കുവൈറ്റിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപ്പിടുത്തത്തില്‍ മരിച്ച തിരുവനന്തപുരം, പത്തനംതിട്ട സ്വദേശികളായ നാലുപേരുടെ കുടുംബങ്ങള്‍ക്കുളള ധനസഹായം കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ എം.എ യൂസഫലിയുടെ അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോര്‍ക്ക ഡയറക്ടറുമായ ഡോ.രവി പിള്ള, ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്റുമായ ബാബു സ്റ്റീഫന്‍ എന്നിവരുടെ രണ്ട് ലക്ഷം രൂപ വീതവുമുള്‍പ്പെടെ ആകെ 14 ലക്ഷം രൂപയാണ് നോര്‍ക്ക മുഖേന ഓരോ കുടുംബത്തിനും ധനസഹായമായി നല്‍കിയത്.
തിരുവനന്തപുരത്ത് വര്‍ക്കല ഇടവ സ്വദേശി ശ്രീജേഷിന്റെ സഹോദരി ആരതി തങ്കപ്പന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയും, നെടുമങ്ങാട് പൂവത്തൂര്‍ സ്വദേശി അരുണ്‍ ബാബുവിന്റെ കുടുംബത്തിനുള്ള ധനസഹായം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനിലും കൈമാറി. പത്തനംതിട്ടയില്‍ കോന്നി താഴം വില്ലേജില്‍ സജു വര്‍ഗീസിന്റെ ഭാര്യ ബിന്ദു അനു സജു, വാഴമുട്ടം ഈസ്റ്റില്‍ മുരളീധരന്‍ നായരുടെ ഭാര്യ ഗീതാ മുരളി എന്നിവര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമാണ് വീടുകളിലെത്തി ധനസഹായം കൈമാറിയത്.
എം.എല്‍.എമാരായ വി. ജോയ്, ജി.സ്റ്റീഫന്‍, കെ.യു ജിനിഷ് കുമാര്‍ എന്നിവര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗീതാ നസീര്‍, ജില്ലാ കളക്ടര്‍മാരായ ജെറോമിക് ജോര്‍ജ്, പ്രേം കൃഷ്ണന്‍, വര്‍ക്കല തഹസീല്‍ദാര്‍ ആസിഫ് റിജു നോര്‍ക്ക റൂട്ട്‌സില്‍ നിന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി, മാനേജര്‍ ഫിറോസ് ഷാ, സെന്റര്‍ മാനേജര്‍ സഫറുള്ള തുടങ്ങിയവരും വിവിധ സ്ഥലങ്ങളില്‍ മന്ത്രിമാര്‍ക്കൊപ്പം ഉണ്ടായിരുന്നു. മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവരും സന്നിഹിതരായിരുന്നു. കുവൈറ്റ് ദുരന്തത്തില്‍ മരണമടഞ്ഞ 23 പേരുടെ കുടുംബംങ്ങള്‍ക്കാണ് സഹായധനം കൈമാറുക. ബാക്കിയുളളവര്‍ക്ക് വരും ദിവസങ്ങളില്‍ ധനസഹായം കൈമാറും.
കഴിഞ്ഞ മാസം ആദ്യമാണ് കുവൈത്തിലെ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പില്‍ തീ പിടുത്തമുണ്ടായത്. മലയാളി വ്യവസായി കെ.ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എന്‍.ബി.ടി.സി ഗ്രൂപ്പിന്റേതാണ് കെട്ടിടം.
CONTENT HIGHLIGHTS;Kuwait fire: Financial aid handed over to four families