മത്സരരംഗത്തു നിന്നു പിന്മാറണമെങ്കില്‍ ഇനി ദൈവം പറയണമെന്ന് വ്യക്തമാക്കി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നുള്ള വാദം തള്ളിക്കളഞ്ഞു കൊണ്ടാണ് ബൈഡന്‍ മത്സരത്തില്‍ ദൈവത്തെ കൂട്ടു പിടിച്ചിരിക്കുന്നത്. കിഞ്ഞയാഴ്ച അറ്റ്ലാന്റയില്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപുമായുള്ള ടി.വി സംവാദത്തില്‍ ബൈഡന്‍ നടത്തിയതു മോശം പ്രകടനമാണെന്ന വിലയിരുത്തല്‍ വന്നിരുന്നു. പിന്നാലെ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്നതില്‍നിന്ന് ബൈഡന്‍ പിന്മാറണമെന്നു പാര്‍ട്ടി അണികളും നേതാക്കളും ആവശ്യപ്പെട്ടിരുന്നു.
ജനങ്ങള്‍ ഉറ്റുനോക്കിയിരുന്ന ആദ്യത്തെ ചാനല്‍ സംവാദം പരാജയപ്പെട്ടത് ബൈഡനെയും ഡെമോക്രാറ്റുകളെയും ആശങ്കപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ആ ക്ഷീണം മാറ്റുന്നതിനായി വിവിധ അഭിമുഖ പരമ്പരകളാണ് ബൈഡനുവേണ്ടി ഡെമോക്രാറ്റ് പാര്‍ട്ടി ഒരുക്കിയിരിക്കുന്നത്. പാര്‍ട്ടിയില്‍ ഉയര്‍ന്നുവരുന്ന എതിര്‍പ്പ് ഇല്ലാതാക്കാന്‍ കൂടിയാണ് എബിസി ന്യൂസിന്റെ 22 മിനിറ്റ് ദൈര്‍ഘ്യം വരുന്ന അഭിമുഖത്തിലൂടെ ബൈഡന്‍ ക്യാംപ് ശ്രമിക്കുന്നത്. ട്രംപുമായുള്ള ആദ്യ സംവാദ ദിവസം ക്ഷീണിതനായിരുന്നെന്നും അസുഖബാധിതനായിരുന്നുവെന്നുമാണു പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള അഭിമുഖത്തില്‍ ബൈഡന്‍ വിശദീകരിക്കുന്നത്.
ഈ ലോകം നയിക്കുന്നത് താനാണെന്നും പ്രസിഡന്റാകാന്‍ തന്നേക്കാള്‍ യോഗ്യനായ മറ്റൊരാളില്ലെന്നും ബൈഡന്‍ അഭിമുഖത്തില്‍ അവകാശപ്പെടുന്നു. അതേസമയം, മാനസിക ആരോഗ്യത്തെക്കുറിച്ചും മറ്റുമുള്ള ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല. ”ട്രംപുമായുള്ള സംവാദത്തിന്റെ തലേന്നു ക്ഷീണിതനായിരുന്നു. സംവാദത്തിനു തയാറാകുന്നതിനെ അതു ബാധിച്ചു. ഡോക്ടര്‍മാര്‍ എനിക്കൊപ്പം എപ്പോഴുമുണ്ട്. കോവിഡ് പരിശോധന നടത്തിയോ എന്നും ഞാന്‍ അവരോടു ചോദിച്ചിരുന്നു. അണുബാധയുണ്ടെന്നു കണ്ടെത്തി.
എന്നാല്‍ അതു വൈറസ് കാരണമായിരുന്നില്ല. കടുത്ത ജലദോഷം ഉണ്ടായിരുന്നു. ഡെമോക്രാറ്റ് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കന്മാര്‍ ആരും മത്സരത്തില്‍നിന്നു പിന്മാറാന്‍ ആവശ്യപ്പെട്ടിട്ടില്ല. ദൈവം വന്നു പറഞ്ഞാല്‍ മാത്രമേ മത്സരത്തില്‍നിന്നു പിന്മാറൂ” – അദ്ദേഹം പറഞ്ഞു. സംവാദത്തില്‍ ട്രംപ് 28 തവണ നുണ പറഞ്ഞുവെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
CONTENT HIGHLIGHT;God had to tell him to drop out of the race: Joe Biden