മലയ് ദ്വീപ് സമൂഹത്തില്‍ ജനിച്ച, ആരെയും മയക്കുന്ന രുചിയും സുഗന്ധവുമുള്ള മാങ്കോസ്റ്റീന്‍ പഴങ്ങളിലെ റാണിയാണ്. ക്ലോസിയേസി സസ്യകുടുംബത്തിലെ അംഗമായ മാങ്കോസ്റ്റീന്‍ ‘ഗാര്‍സീനിയ മാങ്കോസ്റ്റാന’ എന്ന ശാസ്ത്രീയ നാമത്തിലാണ് അറിയപ്പെടുന്നത്. ഗാര്‍സീനിയ ‘ഹോംബ്രോണിയാന’യും ഗാര്‍സീനിയ മാലക്കെന്‍സിസും തമ്മിലുള്ള പ്രകൃതിദത്ത സങ്കരമാണ് മാങ്കോസ്റ്റീന്‍ എന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് മാങ്കോസ്റ്റീന്‍ ഉത്പാദനശേഷി ഇല്ലാത്ത ഹൈബ്രിഡ് ആണെന്ന് പറയുന്നു. പരാഗണവും അതിനോടനുബന്ധിച്ചുള്ള ബീജസങ്കലനവും വഴിയല്ലാതെ വിത്തുകള്‍ മുളച്ചുണ്ടാകുന്ന തൈകളെല്ലാം മാതൃവൃക്ഷത്തില്‍ തനിപ്പകര്‍പ്പുകളാണ്.
ഇന്ത്യയില്‍ 1881- ലാണ് മാങ്കോസ്റ്റീന്‍ വന്നെത്തിയത്. ദുരിയാന്‍റെയും മാങ്കോസ്റ്റീന്‍റെയും പൂക്കാലം ഒരേ സീസണിലാണ്. പഴങ്ങളുടെ രാജാവ് അതിന്‍റെ കടുത്ത ഗന്ധത്താല്‍ ചൂടേറിയതായിരിക്കുമ്പോള്‍ റാണി നേരെമറിച്ചാണ്. അതിനാല്‍ത്തന്നെ, വാണിജ്യാടിസ്ഥാനത്തില്‍ ദുരിയാന്‍ കൃഷി ചെയ്യുന്നിടത്ത് ഏതാനും മാങ്കോസ്റ്റീന്‍ മരങ്ങളും നട്ടുപിടിപ്പിക്കാറുണ്ട്. കുടംപുളിയുടെ അടുത്തബന്ധുവാണ് മാങ്കോസ്റ്റീന്‍. കടുംവയലറ്റ് നിറമുള്ള ഫലത്തിന്‍റെ നെറുകയില്‍ കിരീടം വച്ചതുപോലുള്ള ഞെട്ടാണ് ഈ പഴത്തിന്‍റെ മുഖമുദ്ര. വിക്ടോറിയ രാജ്ഞിയുടെ ഇഷ്ടഫലമായിരുന്നത്രേ മാങ്കോസ്റ്റീന്‍. ശ്രേഷ്ഠമായ മാങ്കോസ്റ്റീന്‍ പഴങ്ങള്‍ രാജ്ഞിക്ക് സമര്‍പ്പിക്കുന്നവര്‍ക്ക് പല പാരിതോഷികങ്ങളും നല്‍കിയിരുന്നു. രാജ്ഞിക്കുവേണ്ടി കൊട്ടാരത്തിന്‍റെ അകത്തളങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ ഗ്രീന്‍ഹൗസില്‍ മാങ്കോസ്റ്റീന്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും പിന്നീട് അവ ഫലം പുറപ്പെടുവിക്കുകയും ചെയ്തിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.നല്ല നീര്‍വാര്‍ച്ചയുള്ള, ചെരിവുള്ള സ്ഥലങ്ങളില്‍ മാങ്കോസ്റ്റീന്‍ നന്നായി വളരുന്നതായി കാണുന്നു. അതിനാല്‍, നദികളോടും ജലാശയങ്ങളോടുമടുത്ത പ്രദേശങ്ങളില്‍ ഇവ നന്നായി വളരുന്നു. മണ്ണില്‍ അമ്ലാംശവും ക്ഷാരാംശവും മിതമായിരിക്കണം (പി. എച്ച്. 4.5 മുതല്‍ 6.5 വരെ). മണ്ണില്‍ ഉയര്‍ന്ന തോതിലുള്ള ജൈവാംശം മാങ്കോസ്റ്റീന്‍ കൃഷിക്ക് അത്യന്താപേക്ഷിതമാണ്.
ക്രമമല്ലാത്ത കായ്പിടിത്തമാണ് മാങ്കോസ്റ്റീന്‍ കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍. ചെറിയരീതിയിലുള്ള കമ്പുകോതല്‍ നടത്തി, ധാരാളം സൂര്യപ്രകാശവും വായുവും മരത്തിനുള്ളില്‍ പ്രവേശിപ്പിക്കുന്നത് നല്ലതാണ്. ഇതിനായി ഓപ്പണ്‍ സെന്‍റര്‍ പ്രൂണിംഗ് രീതി അവലംബിക്കാം. ചുവട്ടില്‍നിന്നും ഒരു മീറ്റര്‍ മുതല്‍ 1.5 മീറ്റര്‍ വരെ അകലത്തില്‍ ശാഖകള്‍ മുറിച്ചുനീക്കുക. പ്രധാന തണ്ടില്‍നിന്നും ശാഖകള്‍ തമ്മിലുള്ള അകലം 1.5 അടിയായി നിജപ്പെടുത്തുക എന്നിവ മികച്ച പ്രൂണിംഗ് രീതികളാണ്. ധാരാളം പുഷ്പങ്ങളുണ്ടാകാന്‍ സൂപ്പര്‍ ഫിക്സ് (NAA) 40 ppm ഡിസംബര്‍/ജനുവരി മാസങ്ങളില്‍ ഇലകളില്‍ തളിക്കുന്നത് ഫലപ്രദമാണെന്ന് കണ്ടുവരുന്നു. കായ്പൊഴിച്ചില്‍ തടയാന്‍ മരമൊന്നിന് 25 ഗ്രാം വീതം ബോറോണ്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ തടങ്ങളില്‍ വിതറുന്നത് നല്ലതാണ്. പൊട്ടാസ്യം നൈട്രേറ്റ് 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഇലകളില്‍ തളിക്കുന്നതും ഫലപ്രദമാണ്.നാല് വര്‍ഷം പ്രായമായ, മൂന്നോ നാലോ ശിഖരങ്ങളുള്ള വലിയ തൈകള്‍ നടുന്നതാണ് അഭികാമ്യം. ചെടിക്ക് ചുറ്റും 3 അടി ചുറ്റളവില്‍ തടമെടുക്കുന്നത് പിന്നീടുള്ള വളപ്രയോഗത്തിനും ജലസേചനത്തിനും നല്ലതാണ്. തായ്ത്തടി ബലപ്പെടുവോളം ചെടികള്‍ക്ക് താങ്ങ് നല്‍കേണ്ടതാണ്. നല്ല വളര്‍ച്ചയ്ക്ക് മികച്ചരീതിയില്‍ ജലസേചനവും വളപ്രയോഗവും നല്‍കാന്‍ ശ്രദ്ധിക്കണം. എട്ടുവര്‍ഷത്തിനുമേല്‍ പ്രായമുള്ള മരങ്ങള്‍ക്ക് 50 കിലോഗ്രാം വരെ ചാണകപ്പൊടിയോ കമ്പോസ്റ്റോ നല്‍കണം. ആണ്ടുതോറും ഒന്നുമുതല്‍ മൂന്നു കിലോ വരെ 18 കോംപ്ലക്സ് രണ്ടോ മൂന്നോ പ്രാവശ്യമായി നല്‍കുന്നത് മികച്ച വിളവ് നല്‍കും.
Content highlight : Queen in fruits Mangosteen