Travel

ആറ് ആനകള്‍ക്കും തകര്‍ക്കാനായില്ല ഈ തൂക്കുപാലം; ഇത് പുനലൂരിന്റെ സ്വകാര്യ സ്വത്ത്-Punalur Hanging Bridge

കല്ലടയാറിന്റെ ഇരു കരകളിലുമായി കിടക്കുന്ന പുനലൂരിനെ തമ്മില്‍ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് തൂക്കുപാലം എന്ന ആശയം മുന്നോട്ട് വരുന്നത്. ആയില്യം തിരുന്നാള്‍ രാമവര്‍മ്മ തിരുവിതാംകൂര്‍ രാജാവും നാണു പിള്ള ദിവാനുമായിരുന്ന സമയത്താണ് പാലം നിര്‍മ്മിക്കുവാന്‍ അനുമതി നല്‍കുന്നത്. 1871 ലായിരുന്നു ഇത്. ബ്രിട്ടീഷുകാരനായിരുന്ന ആല്‍ബെര്‍ട് ഹെന്‍ട്രിയുടെ നേതൃത്വത്തിലാണ് പാലം നിര്‍മ്മിച്ചത്.

1872 മുതല്‍ 1877 വരെ 2212 ദിവസം നീണ്ടു നിന്ന പണിയുടെ ഒടുവിലാണ് പാലം പൂര്‍ത്തിയായത്. ഹെന്‍ട്രിയുടെ നേതൃത്വത്തില്‍ ദിവസം 200 ല്‍ അധികം തൊഴിലാളികള്‍ പണിയെടുത്തിരുന്നു എന്നാണ് രേഖകള്‍ പറയുന്നത്. 400 അടി നീളവും ആര്‍ച്ചുകള്‍ക്കിടയില്‍ 200 അടിയും ആര്‍ച്ചുകള്‍ക്ക് ഇരുവശവും 100 അടി വീതിയുമാണ് ഉള്ളത്. അക്കാലത്ത് മൂന്ന് ലക്ഷം രൂപയായിരുന്നു ഇതിന്റെ നിര്‍മ്മാണ ചെലവ്. 1877 ല്‍ പണി പൂര്‍ത്തിയാക്കിയെങ്കിലും പിന്നെയും മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് പാലം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നത്.

നിര്‍മ്മാണം പൂര്‍ത്തിയാക്കിയെങ്കിലും അവിടുത്തെ ജനങ്ങള്‍ക്ക് പാലത്തിന്റെ ഉറപ്പിലും ശക്തിയിലും വലിയ വിശ്വാസം ഉണ്ടായിരുന്നില്ലത്രെ. അതുകൊണ്ടുതന്നെ വളരെകുറച്ച് ആളുകള്‍ മാത്രമാണ് വിശ്വാസത്തോടെ പാലത്തിന് മുകളിലൂടെ നടന്നിരുന്നത്. ആളുകളെ താന്‍ നിര്‍മ്മിച്ച പാലത്തിന്റെ ശക്തി തെളിയിക്കുവാന്‍ ഹെന്‍ട്രി ഒരു പരീക്ഷണം നടത്തി. അദ്ദേഹം കുടുംബവുമൊന്നിച്ച് പാലത്തന് അടിയിലൂടെ ഒരു ബോട്ട് യാത്ര നടത്തുകയും അതേസയം പാലത്തിന് മുകളിലൂടെ ആറ് ആനകളെ ഒരുമിച്ച് നടത്തിപ്പിക്കുകയും ചെയ്തു. അങ്ങനെ മാത്രമാണ് ആളുകള്‍ ആ പാലത്തിന്റെ ശക്തിയില്‍ വിശ്വസിച്ചതും പിന്നീട് ഉപയോഗിക്കുവാന്‍ തുടങ്ങിയതുമത്രെ.

ഒരു സാധാരണ പാലത്തിന് പകരം തൂക്കുപാലം തിരഞ്ഞെടുത്തത് പുരാതന എഞ്ചിനീയര്‍മാര്‍ എത്രമാത്രം പ്രതിഭകളായിരുന്നു എന്നുളളതിന്റെ തെളിവാണ്. കല്ലാര്‍ നദിയുടെ ശക്തമായ ഒഴുക്ക് സാധാരണ തൂണുകളുള്ള പാലങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്തതായിരുന്നു. ഒരു വശത്ത് നിബിഡ വനത്താല്‍ ചുറ്റപ്പെട്ട പുനലൂരിലെ ജനവാസ കേന്ദ്രത്തില്‍ വന്യമൃഗങ്ങള്‍ അതിക്രമിച്ച് കയറുന്നത് തടയുക എന്നതായിരുന്നു മറ്റൊരു കാരണം. ആരെങ്കിലും നടക്കുമ്പോള്‍ തൂക്കുപാലം കുലുങ്ങാന്‍ തുടങ്ങുന്നതിനാല്‍ വന്യമൃഗങ്ങളെ വിരട്ടി ഓടിക്കാനും കഴിയും.

പുനലൂര്‍ തൂക്കുപാലം ഇപ്പോള്‍ കേരള പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഒരു സംരക്ഷിത സ്മാരകമാണ്. അടുത്തിടെ കേരള സര്‍ക്കാര്‍ പാലം അറ്റകുറ്റപ്പണികള്‍ നടത്തി നവീകരിച്ചു. കൂടാതെ ഇപ്പോള്‍ പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിടുന്നില്ല. മനോഹരമായ പൂന്തോട്ടവും വിശ്രമ സ്ഥലവുമുള്ള ഒരു പുതിയ പാര്‍ക്ക് പാലത്തിന് സമീപം നിര്‍മ്മിച്ചിരിക്കുന്നു, ഇത് ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുളള പദ്ധതികളുമുണ്ട്.