വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ടാനങ്ങളും ഉള്ള നിരവധി ക്ഷേത്രങ്ങളെ കുറിച്ച് നാം കേട്ടിട്ടുണ്ടാകാം. നാഗങ്ങൾക്കായുള്ള ക്ഷേത്രങ്ങളും ഇക്കൂട്ടത്തിലുണ്ട് . എന്നാൽ മുതലകൾ കാവൽ നിൽക്കുന്ന , മുതലകളെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രത്തെ പറ്റി കേട്ടിട്ടുണ്ടോ , എന്നാൽ അങ്ങനെയൊന്ന് ഉണ്ട് . ഇവിടെയൊന്നുമല്ല ഈജിപ്റ്റിലാണ് അങ്ങനെയൊരു ക്ഷേത്രമുള്ളത് . ഈജിപ്തിന്റെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള കോം ഓംബോ എന്ന സ്ഥലത്താണ് ഈ ക്ഷേത്രമുള്ളത്. നൈൽ താഴ്‌വരയിലെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങളിലൊന്നാണ് കോം ഓംബോ ക്ഷേത്രം. ഈജിപ്തിലെ അതുല്യമായ, രണ്ട് ദൈവങ്ങൾക്ക് സമർപ്പിച്ചിരിക്കുന്ന ഇടമാണിത് . അതായത്, ഒരു ക്ഷേത്രത്തിൽ തന്നെ രണ്ടു പ്രധാന ദൈവങ്ങളെ ആരാധിച്ചിരുന്നെന്നർഥം.
പ്രാദേശിക മുതല ദൈവമായ സോബെക്ക്, രോഗങ്ങളെല്ലാം ഭേദമാക്കുന്ന, ഫാൽക്കൺ തലയുള്ള ‘ഹോറസ് എന്നിവരെയാണ് ഇവിടെ ആരാധിച്ചിരുന്നത്. ഈജിപ്തിലെ ഒരേയൊരു ‘ഇരട്ട ക്ഷേത്ര’മായിരുന്നു ഇത്. ഏകദേശം 2300 വർഷം പഴക്കമുള്ള ക്ഷേത്രമാണിത്. ക്ഷേത്രത്തിൽ ഇരട്ട പ്രതിഷ്ഠയാണെന്നത് അതിന്റെ നിർമ്മാണത്തിൽ തന്നെ വ്യക്തമാണ് . ക്ഷേത്രത്തിന് ഇരട്ട പ്രവേശന കവാടങ്ങൾ, ഇരുവശത്തും രണ്ട് ദൈവങ്ങളുടെ കൊത്തുപണികളുള്ള രണ്ട് ഹൈപ്പോസ്റ്റൈൽ ഹാളുകൾ, ഇരട്ട അറകൾ എന്നിവയുണ്ട്. രണ്ട് പുരോഹിതരും ഇവിടെ ഉണ്ടായിരുന്നു . ക്ഷേത്രത്തിന്റെ ഇടത് വശം ഹരോറിസ് ദൈവത്തിനും വലത് പകുതി സോബെക്കിനുമായി സമർപ്പിച്ചു. ക്ഷേത്രത്തിന്റെ മുൻഭാഗത്തേക്ക് കടക്കുമ്പോൾ, രണ്ട് ദൈവങ്ങൾക്കും ഇരട്ട ബലിപീഠമുണ്ട്.
പ്രധാന ക്ഷേത്രം നിർമ്മിച്ചത് ടോളമി ഫിലോമെറ്റർ എന്ന രാജാവാണ് , എന്നാൽ അതിന്റെ അലങ്കാരപണികളും മറ്റും ക്ലിയോപാട്ര ഏഴാമന്റെ പിതാവ് ടോളമി പന്ത്രണ്ടാമൻ നിയോസ് ഡയോണിസോസാണ് പൂർത്തിയാക്കിയത് . നൈൽ നദിയിലെ കൂറ്റൻ മുതലകൾ ക്ഷേത്രത്തിൽ സ്ഥിരം സന്ദർശകരായിരുന്നു. എന്നാൽ ഇവ ആരെയും ആക്രമിച്ചിരുന്നില്ല. സമുച്ചയത്തിന്റെ തെക്കുകിഴക്കൻ കോണിലുള്ള ടോളമൈക്ക് ഗേറ്റ്‌വേയ്ക്ക് സമീപം ഒരു ചെറിയ ദേവാലയമുണ്ട്. ഇതിനപ്പുറം വടക്കോട്ട് ക്ഷേത്രത്തിന് വെള്ളം നൽകുന്ന ആഴമുള്ള കിണർ ഉണ്ട് . അതിനടുത്തായി ഒരു ചെറിയ കുളം ഉണ്ട്, അതിലാണ് സോബക്കിന്റെ വിശുദ്ധ മൃഗമായ മുതലകളെ വളർത്തിയിരുന്നത്.
ചത്തത്തിനു ശേഷം ഈ മുതലകളെയെല്ലാം ക്ഷേത്രത്തിൽ മമ്മികളായി സൂക്ഷിച്ചു പോന്നു. അത്തരത്തിലുള്ള മുന്നൂറോളം ‘മുതല മമ്മികൾ’ ഇന്നു ക്ഷേത്രത്തിനു സമീപത്തെ ക്രൊക്കഡൈൽ മ്യൂസിയത്തില്‍ പ്രദർശനത്തിനുണ്ട്. മമ്മിഫൈഡ് മുതലകളുടെയും പുരാതന കൊത്തുപണികളുടെയും മനോഹരമായ ശേഖരം ഇവിടെയുണ്ട് . അത് നന്നായി പ്രകാശിപ്പിക്കുകയും നന്നായി സംരക്ഷിക്കുകയും ചെയ്യുന്നു. ഹോറസാകട്ടെ ഏതു രോഗത്തിനും മരുന്ന് അറിയാവുന്ന ദൈവമായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. അതിനാൽത്തന്നെ രോഗശാന്തി തേടി ഒട്ടേറെ പേർ ഇവിടെ എത്തുമായിരുന്നു. മെഡിക്കൽ ഉപകരണങ്ങളെപ്പറ്റി ലോകത്ത് ആദ്യമായി അടയാളപ്പെടുത്തിയത് കോം ഓംബോ ക്ഷേത്രത്തിന്റെ ചുമരുകളിലാണെന്നാണു കരുതുന്നത്. ഇന്നത്തെ കാലത്ത് ഉപയോഗിക്കുന്ന സർജറി ഉപകരണങ്ങള്‍ക്കു സമാനമായ കത്തികളും കത്രികകളും ഉൾപ്പെടെ 40 രൂപങ്ങൾ ക്ഷേത്രച്ചുമരിലുണ്ട്.