India

നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറെ ഇന്ത്യയിലേക്ക് ക്ഷണിച്ച് നരേന്ദ്രമോദി

ന്യൂഡൽഹി: നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചു. ബ്രിട്ടണിലെ പൊതുതെരെഞ്ഞെടുപ്പിൽ ലേബർ പാർട്ടി നേടിയ തിളക്കമാർന്ന വിജയത്തിൽ മോദി അഭിനന്ദങ്ങൾ അറിയിച്ചു.

ഇന്ത്യയും ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ ഇരു നേതാക്കളും ധാരണയിലെത്തി. കെയ്ർ സ്റ്റാമറെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പരസ്പര വളർച്ചയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്ന എല്ലാ മേഖലകളിലും ഇന്ത്യ-യുകെ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നതായി മോദി എക്സിൽ കുറിച്ചു. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിനായി പ്രവർത്തിക്കാൻ ഇരുവരും സമ്മതിച്ചതായും പിടിഐ റിപ്പോർട്ട് ചെയ്തു.

ഇന്ത്യയും യുകെയും തമ്മിലുള്ള ചരിത്രപരമായ ബന്ധം ഇരു നേതാക്കളും അനുസ്മരിക്കുകയും രാജ്യങ്ങൾ തമ്മിലുള്ള സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും മുന്നോട്ട് കൊണ്ടുപോകാനുമുള്ള തങ്ങളുടെ പ്രതിബദ്ധത അറിയിക്കുകയും ചെയ്തു. ഇന്ത്യാ സന്ദർശനത്തിനായി സ്റ്റാർമറിനെ മോദി ക്ഷണിച്ചതായും പ്രസ്താവനയിൽ പറയുന്നു.