മാനന്തവാടി: പനമരം സ്വദേശിയായ മൂന്നു വയസുകാരൻ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവും ചികിത്സിച്ച വൈദ്യനും അറസ്റ്റിൽ. മുഹമ്മദ് അസാൻ ആണ് മതിയായ ചികിത്സ കിട്ടാതെ മരിച്ചത്.
കുട്ടിയുടെ പിതാവ് പനമരം അഞ്ചുകുന്ന് സ്വദേശി വൈശ്യമ്പത്ത് അൽത്താഫ്, ചികിത്സിച്ച വൈദ്യൻ കമ്മന ഐക്കരക്കുടി ജോർജ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ മനപൂർവമല്ലാത്ത നരഹത്യ, ബാലനീതി നിയമത്തിലെ വകുപ്പുകൾ എന്നിവ ചുമത്തി.
ജൂൺ ഒൻപതിനു ചുടുവെള്ളം നിറച്ച ബക്കറ്റിൽ വീണാണ് കുട്ടിക്ക് പൊള്ളലേറ്റത്. കുട്ടിയെ ആദ്യം മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിച്ചു. പൊള്ളൽ ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റാൻ അവിടെ നിന്നും ആവശ്യപ്പെട്ടു.
എന്നാൽ കുട്ടിയെ രക്ഷിതാക്കൾ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയില്ല. പകരം നാട്ടുവൈദ്യനെ കാണിച്ച് ചികിത്സ നൽകി. പിന്നീട് ജൂൺ 18 നാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കുട്ടിയെ മാറ്റിയത്. ചികിത്സയിലിരിക്കെ ജൂൺ 20നാണ് കുട്ടി മരിച്ചത്.
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിയതോടെയാണ് മാനന്തവാടിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോകാതെ കുട്ടിയെ നാട്ടുവൈദ്യന്റെ അരികിലേക്ക് കൊണ്ടുപോയത് ബോധ്യപ്പെട്ടത്. തുടർന്നാണ് പോലീസ് കുട്ടിയുടെ പിതാവിന്റെയും നാട്ടുവൈദ്യന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്.