Travel

ജൂതതെരുവിലെ കുര്യച്ഛനെ കാണാൻ പോയലോ.?! | jew street fortkochi

ഫോർട്ട്കൊച്ചി അത് അന്നും ഇന്നും എനിക്ക് കൊച്ചിയിൽ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ്. മാസത്തിൽ ഏതെങ്കിലും ഒരു ശനിയാഴ്‌ച ഞാൻ ഒരു യാത്രയുണ്ട് അങ്ങോട്ട്. രാവിലെ ഇറങ്ങിയാൽ രാത്രി ആകുമ്പോൾ കൂട് കേറുന്ന ദിവസം. ഈ മാസത്തിലെ ആ ശനിയാഴ്ച ഇന്നായിരുന്നു. രാവിലെ പോയി ഫോർട്ട് കൊച്ചി മൊത്തം ഒന്ന് കറങ്ങും പിന്നെ നേരെ കുരിയച്ഛന്റെ പള്ളി, ഒരു പൂ മാലയും കൊണ്ട് പോയാൽ കുര്യച്ചനെ കാണാം. 1942 ൽ കൊച്ചി നേവൽബേസിനു വേണ്ടി സ്ഥലമേറ്റെടുത്തതിനെ തുടർന്ന് വെണ്ടുരുത്തിയിൽ നിന്നും നെട്ടൂരേക്ക് കുടിയേറി പാർത്തവർ തങ്ങളുടെ പൈതൃകസ്വത്തായ കുരിയച്ചനെ അവർ നെട്ടൂരേക്ക് കൊണ്ടുപോന്നു. അവർ നെട്ടൂരിൽ പരിശുദ്ധ കന്യാമറിയത്തിന്റെ വിമലഹൃദയ നാമത്തിൽ ഒരു ദേവാലയം പണിതു (Immaculate Heart of Mary’s Church); നെട്ടൂർ ഇടവക ആരംഭിച്ചു. പള്ളിസ്ഥലത്ത് ഒരു ഷെഡ് കെട്ടി കുരിശിനെ അവിടെ പ്രതിഷ്ഠിച്ചു.ഇത് ആണ് കേട്ടോ..

മട്ടാഞ്ചേരി കൊട്ടാരത്തിനും ജൂത പള്ളിക്കും ഇടയിലുള്ള ചെറിയ തെരുവാണ് ജൂതത്തെരുവ്. ഒരു ദിവസം മൊത്തം വേണം ഇവിടെ ഒന്ന് കറങ്ങി കാണാൻ. പഴയ ആന്റിക് കലക്ഷനും വസ്ത്രങ്ങളും ആഭരണങ്ങളും അങ്ങനെ വിദേശികളെ ആകർഷിക്കാൻ ഉള്ള എല്ലാം ഇവിടെയുണ്ട്. പൗരാണിക വസ്തുക്കളുടെ കടകളാണ് ഇരുവശവും. ഇത്തരം വസ്തുക്കളില്‍ കൗതുകമുള്ളവര്‍ ഇവിടെയെത്തുന്നു. വലിയ ഓട്ടു പാത്രങ്ങളാണ് ആദ്യം കണ്ണില്‍ പെടുകയെങ്കിലും ഓരോ കടയിലും സുന്ദരവും വിചിത്രമായ പുരാവസ്തുക്കള്‍ കാണാം. ചരിത്രത്തിന്റെ ഇത്തരം ചെറുപതിപ്പുകൾ തേടിയെടുക്കാൻ താൽപര്യമുളളവർക്ക് സന്ദർശിക്കാൻ പറ്റിയ ഇടമാണിത്. ഇന്ന് ഒരു കടയിൽ പോയപ്പോൾ ദേ ഒരു സായിപ്പ് ഇരുപത്തി മൂവായിരം കൊടുത്ത് ഒരു മരപ്പെട്ടി വാങ്ങുന്നു. കടക്കാരൻ പറഞ്ഞ പണം അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റാതെ അയാൾ അങ്ങ് എടുത്തു കൊടുത്തു. എന്താലേ..

അങ്ങനെ കറങ്ങി അവസാനം മട്ടാഞ്ചേരി റിനൂസ് കൂൾ ബാറിൽ പോയി നല്ല അടിപൊളി അവകാഡോ ഷേക്ക്‌ കുടിച്ചു.

വേണമെങ്കിൽ അപ്പുറത്തൊരു കാവ കടയും ഉണ്ട്. ചൂട് കാവ മഴകാലത്ത് ബെസ്റ്റ് ആണ്. അത് കഴിഞ്ഞ് ഇരുട്ട് മൂടി തുടങ്ങിയ തെരുവിന്റെ ഭംഗിയും കടലിന്റെ കാറ്റും ആസ്വദിച്ച് നടന്നാൽ ബാലൻ ചേട്ടന്റെ കട കാണാം. ഇവിടെയാണ് നല്ല അടിപൊളി ബീഫും പൊറോട്ടയും കിട്ടുന്നത്. വൈകുന്നേരം മൂന്ന് മണിക്കാണ് കട തുറക്കുന്നത്. അപ്പോൾ തൊട്ട് അവിടെ വലിയൊരു തിരക്കാണ്. ഭക്ഷണം മിക്കപ്പോഴും എഴ് ആകുമ്പോൾ തീരുകയും ചെയ്യും. കിട്ടിയാൽ കിട്ടി. എനിക്ക് ഏതായാലും കിട്ടി. കഴിച്ച് കഴിഞ്ഞ് അവസാനം അവിടെ ഉള്ള ചേട്ടനോട് കഥയും പറഞ്ഞ് ബില്ലും കൊടുത്ത് അങ്ങ് ഇറങ്ങി. കുര്യച്ഛന് കൊടുത്ത പൂക്കളിൽ നിന്നും ഒരു ചെറിയ തുണ്ട് മുല്ലപ്പൂ എടുത്തിട്ടുണ്ടാകും അതും കൈയിൽ പിടിച്ച് സന്തോഷത്തോടെ അടുത്ത മാസം കാണാമെന്ന് പറഞ്ഞ് ബസ്സിലേക്ക് തിരിച്ചു കേറും…