ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ മതചടങ്ങിനിടെയുണ്ടായ തിക്കിലുംതിരക്കിലും പെട്ട് 121 പേര്‍ മരിച്ച സംഭവത്തില്‍ പ്രധാനപ്രതിയായ ദേവപ്രകാശ് മധുകറിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇതേ കേസിൽ അറസ്റ്റിലായ സഞ്ജു യാദവിനെയും രണ്ടാഴ്ചത്തേക്ക് കസ്റ്റഡിൽ വിട്ടിട്ടുണ്ട്. ഡൽഹിയിലെ നജഫ്ഗഡിൽനിന്ന് വെള്ളിയാഴ്ച രാത്രിയാണ് ദേവപ്രകാശ് മധുകറിനെ പ്രത്യേക ദൗത്യസംഘം അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ റിട്ടയേഡ് ഹൈകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. ഭോലെ ബാബ ഒളിവിലാണെന്നും ഇയാളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും ആഗ്ര അഡീഷനൽ ഡി.ജി.പി അനുപം കുലശ്രേഷ്ഠ പറഞ്ഞു. സമ്മേളനത്തിന്റെ സംഘാടകരായ രണ്ട് വനിതകൾ ഉൾപ്പടെ ആറുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, സംഭവത്തില്‍ പിടിയിലായ മുഖ്യപ്രതിയുടെ രാഷ്ട്രീയ ബന്ധങ്ങളും അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ അടുത്തിടെയായി നിരവധി രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ഹാഥ്‌റസ് എസ്.പി. നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു. ഇക്കാരണത്താല്‍ സംഭവത്തിലെ രാഷ്ട്രീയ ഗൂഢാലോചനയും അന്വേഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
മധുകറിന്റെ പണമിടപാട്- ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചുവരികയാണ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റിഡയില്‍ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ദേവ് പ്രകാശ് മധുകറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് നേരത്തെ ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മധുകര്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് അഭിഭാഷകന്‍ അറിയിച്ചത്. എന്നാല്‍, നിരീക്ഷണത്തിലൂടെ തങ്ങള്‍ അറസ്റ്റുചെയ്യുകയായിരുന്നുവെന്ന് ഹാഥ്‌റസ് പോലീസ് അവകാശപ്പെട്ടു.
സംഭവത്തില്‍ വേഗത്തിലുള്ള അന്വേഷണം വേണമെന്നാണ് ഇരകളുടെ കുടുംബങ്ങളുടെ ആവശ്യം. സത്സംഗത്തിന്റെ സംഘാടകര്‍ക്കെതിരെ നടപടിവേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇതിനിടെയാണ് സൂരജ് പാല്‍ സിങ് എന്നറിയപ്പെടുന്ന ആള്‍ദൈവം ഭോലെ ബാബയുടെ സംഘടനയ്ക്ക് രാഷ്ട്രീയ സംഭവനയും ലഭിക്കുന്നുണ്ടെന്ന കണ്ടെത്തലുമായി പോലീസ് രംഗത്തെത്തിയത്.