Kerala

വിവാദ പരാമര്‍ശത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പിനെ പുകഴ്ത്തി മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: കേരളത്തിൽ എസ്.എസ്.എൽ.സി പാസ്സായവർക്ക് എഴുത്തും വായനയും അറിയില്ലെന്ന വിവാദ പരാമർശത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പിനെ പുകഴ്ത്തി മന്ത്രി സജി ചെറിയാൻ. 2016 മുതൽ പിണറായി സർക്കാർ പൊതുവിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകിയെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യഫെഡ് വിദ്യാഭ്യാസ അവാര്‍ഡ് ‘മികവ് 2024’-ന്റെ സംസ്ഥാനതല ഉദ്ഘാടനം അമ്പലപ്പുഴയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

‘2016 മുതല്‍, ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ പൊതുവിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നമ്മള്‍ നല്‍കി. കഴിഞ്ഞ എട്ടുവര്‍ഷമായി പൊതുവിദ്യാഭ്യാസരംഗത്ത് വലിയമാറ്റമാണ് നമുക്കുണ്ടാക്കാന്‍ കഴിഞ്ഞത്. പൂട്ടാന്‍ പോയ സ്‌കൂളുകള്‍ ഓരോന്നായി കുട്ടികളുടെ എണ്ണം വര്‍ധിപ്പിച്ച് മികച്ച നിലയിലേക്ക് മാറ്റിയെന്നതാണ് എട്ടുവര്‍ഷത്തെ കേരളത്തിന്റെ വിദ്യാഭ്യാസനേട്ടം. 11 ലക്ഷം കുട്ടികള്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് തിരികെ വന്നുവെന്നത് ശ്രദ്ധേയമാണ്. അവര്‍ക്കെല്ലാം സൗജന്യ വിദ്യാഭ്യാസം കൊടുത്തുകൊണ്ട്, യൂണിഫോം കൊടുത്തുകൊണ്ട്, പാഠപുസ്തകം കൊടുത്തുകൊണ്ട്, സമയബന്ധിതമായി അതെല്ലാം നടപ്പാക്കി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നുവെന്നത് ശ്രദ്ധേയമാണ്.’ -സജി ചെറിയാന്‍ പറഞ്ഞു.

‘മഹാത്മാഗാന്ധി പറഞ്ഞതുപോലെ വിദ്യാഭ്യാസം എഴുതാനും വായിക്കാനും മാത്രമുള്ള യോഗ്യതയായി കരുതേണ്ട. അത് പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്താണ്. ഒരു മനുഷ്യന്‍ നേടുന്ന വിദ്യാഭ്യാസം പരീക്ഷയെഴുതാന്‍ മാത്രം ഉപയോഗപ്പെടുത്തുന്നുവെങ്കിലും, ജീവിതമാകുന്ന പരീക്ഷയിലെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് നമുക്ക് ഈ ലഭിച്ച വിദ്യാഭ്യാസത്തിലൂടെ നേടിയെടുക്കേണ്ടത്.’ -സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിൽ പത്താം ക്ലാസ്​ ജയിച്ചവരിൽ നല്ലൊരു ശതമാനം കുട്ടികൾക്കും എഴുതാനും വായിക്കാനും അറിയില്ലെന്നായിരുന്നു സജി ചെറിയാന്‍റെ വിവാദ പ്രസ്താവന. പണ്ടൊക്കെ എസ്​.എസ്​.എൽ.സിക്ക്​ 210 മാർക്ക്​ വാങ്ങാൻ വലിയ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ ഓൾപാസാണ്. എസ്​.എസ്​.എസ്​.സിക്ക്​ 99.99 ശതമാനമാണ്​ വിജയം. ഒരാളും തോൽക്കാൻ പാടി​ല്ല. ആരെങ്കിലും തോറ്റുപോയാൽ അത്​ സർക്കാറിന്‍റെ പരാജയമായി ചിത്രീകരിക്കുന്നു. 50 ശതമാനം പേർ മാത്രം വിജയിച്ചാൽ പിറ്റേന്ന്​ സർക്കാർ ഓഫിസുകളിലേക്ക്​ രാഷ്ട്രീയ പാർട്ടികളുടെ​ പ്രതിഷേധമുയരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.