കേരളത്തിലെ 64 ഭദ്രകാളി ക്ഷേത്രങ്ങളുടെ മൂലസ്ഥാനം കൊടുങ്ങല്ലൂര്‍ ആണത്രേ. ദാരികവധം കഴിഞ്ഞ് കലിയടങ്ങി ക്ഷേത്രപാലനോടൊപ്പം വന്നിരിക്കുന്ന ഭദ്രകാളിയാണ് സങ്കല്പം. ഉപദേവതകളായി വസൂരിമാലയും ക്ഷേത്രപാലനും ഉണ്ട്.
സംഘകൃതിയായ ചിലപ്പതികാരത്തില്‍ നായികയായ കണ്ണകി മധുര ചുട്ടെരിച്ച ശേഷം മലനാട്ടിലെ മംഗളാദേവിയില്‍ വച്ച് സ്വര്‍ഗാരോഹണം ചെയ്തു എന്നാണു ഐതിഹ്യം. കണ്ണകിദേവിയെ ചിലപ്പതികാരത്തിന്‍റെ കര്‍ത്താവായ ഇളങ്കോ അടികളുടെ ജ്യേഷ്ഠ സഹോദരനായ ചേരരാജാവ് ചെങ്കുട്ടുവന്‍ കൊടുങ്ങല്ലൂരില്‍ ക്ഷേത്രം പണിത് പ്രതിഷ്ടിച്ചുവെന്നും ഐതിഹ്യമുണ്ട്. കൊടുങ്ങല്ലൂരിനു വടക്കുള്ള തൃക്കണ്ണാമതിലകം പുരാതന ജൈന സങ്കേതം ആയിരുന്നു. കുണവായില്‍കോട്ടം എന്ന് അറിയപ്പെട്ടിരുന്ന ഇവിടെ വച്ചാണ് ജൈനനായ ഇളങ്കോ അടികള്‍ ചിലപ്പതികാരം രചിക്കുന്നത്. നാലാം നൂറ്റാണ്ടിനു മുമ്പ് ഇവിടെ ജൈന ദേവതയായ പത്തിനീദേവിയായിരുന്നു പ്രതിഷ്ഠ എന്ന വാദവും ഉണ്ട്. ജൈനമതത്തിലെ പാര്‍ശ്വനാഥനും പത്മിനീദേവിയും വൈഷ്ണവ മതത്തിലെ വിഷ്ണുവും ലക്ഷ്മിയുമായി പില്‍ക്കാലത്ത് രൂപാന്തരപ്പെടുകയാണുണ്ടായത്. ചെങ്കുട്ടുവന്‍ കണ്ണകിയുടെ കൃഷ്ണശിലയിലുള്ള പ്രതിഷ്ഠ നടത്തിയെന്നാണ് പുരാവൃത്തമെങ്കില്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ ദാരുബിംബമാണ്. അതുകൊണ്ട് തന്നെ അല്‍പ്പം തെക്കുമാറിയുള്ള കുരുംബ ക്ഷേത്രത്തിലെ പ്രതിഷ്ടയാകാം കണ്ണകിയുടെതെന്നു ഒരു വാദമുണ്ട്.
ചേരമാന്‍ മസ്ജിദ് ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. പോരുന്ന വഴിക്ക് കുരുംബക്കാവും ശൃംഗപുരത്ത് തളിയും ബസിലിരുന്നു തന്നെ കണ്ടു. ഒന്‍പതാം നൂറ്റാണ്ടില്‍ കേരള ചക്രവര്‍ത്തിമാരായ ചെരപ്പെരുമാക്കളെ വാഴിച്ചിരുന്ന ബ്രാഹ്മണരുടെ സങ്കേതമായിരുന്നു തളികള്‍. ആദ്യകാലത്ത് നാല് തളികള്‍ കൊടുങ്ങല്ലൂരിനു സമീപമായി ഉണ്ടായിരുന്നു. പന്ത്രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ 32 ബ്രാഹ്മണ ഗ്രാമങ്ങളിലെ പണ്ഡിതര്‍ അഷ്ട ആഡ്യന്മാരായ തളിയാതിരിമാരുടെ നേതൃത്വത്തില്‍ ഒത്തുചേര്‍ന്നു ചേരവംശജനായ ഒരു നാട്ടുരാജാവിനെ തിരുവഞ്ചിക്കുളത്ത് വച്ച് വാഴിക്കുന്നു. തളികളിലെ വിചാരിപ്പിലും പട്ടത്താനത്തിലുമാണ് പെരുമാളുടെ ഭരണകാര്യങ്ങളില്‍ ഇടപെടുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. തളികളോട് ചേര്‍ന്ന് ഒരു ശിവക്ഷേത്രമുണ്ടാകും ഇപ്പോള്‍ തളികളില്‍ ശിവക്ഷേത്രം മാത്രമാണ് ഉള്ളത്. ചേരവാഴ്ച്ചയുടെ അന്ത്യത്തോടെ ബ്രാഹ്മണര്‍ നാട്ടുരാജ്യങ്ങളില്‍ അധികാരം ഉറപ്പിക്കുന്നതിനായി പതിനെട്ടര തളികള്‍ സ്ഥാപിച്ചു. അതിലൊന്നാണല്ലോ കോട്ടയത്തെ തളിയും.
കീഴ്ത്തളി, മേല്‍ത്തളി, നെടിയതളി, ചിങ്ങപുരത്ത് തളി എന്നിവയായിരുന്നു ആദ്യത്തെ നാങ്കുതളികള്‍. അവയില്‍ കീഴ്ത്തളിയും ചിങ്ങപുരത്ത് (ശൃംഗപുരം) തളിയും നിലവിലുണ്ട്. നെടിയതളിയും മേല്ത്തളിയും ഏതെന്നു വ്യക്തമല്ല. മേല്ത്തളി തിരുവഞ്ചിക്കുളത്തിനടുത്തുള്ള മറ്റൊരു ശിവക്ഷേത്രമാണെന്നും നെടിയതളി പെരിയാറിന്‍റെ തെക്കേക്കരയില്‍ ആണെന്നും അഭിപ്രായങ്ങള്‍ ഉണ്ട്.
Content highlight : kottaym culture