തിരുവനന്തപുരം: കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിൽ ഇടിമുറി മർദനം നടന്നിട്ടില്ലെന്ന് അന്വേഷണറിപ്പോർട്ട്. യൂണിവേഴ്സിറ്റി രജിസ്ട്രാറുടെ അന്വേഷണറിപ്പോർട്ട് വിസിക്ക് സമർപ്പിച്ചു. രാഷ്ട്രീയ സമ്മർദ്ദത്തിൽ വഴങ്ങി തയ്യാറാക്കിയ റിപ്പോർട്ടാണെന്ന് കെ.എസ്.യു. ആരോപിച്ചു.
ക്യാമ്പസിൽ ഇടിമുറിയുണ്ടെന്ന ആരോപണം പൂർണമായി തള്ളുന്നതാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. ആരോപണം ഉയർന്ന ഹോസ്റ്റലിലെ 121-ാം നമ്പർ മുറി ഒരു ഗവേഷക വിദ്യാർഥിയുടേതാണ്. സംഭവദിവസം ആ മുറി പൂട്ടിക്കിടക്കുകയായിരുന്നു. ഇടിമുറി മർദനമേറ്റെന്ന ആരോപണമുന്നയിച്ച കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി സാൻജോസിനെ ഏതെങ്കിലും മുറിയിൽ കൊണ്ടുപോയെന്നുള്ളതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കെ.എസ്.യു. ജില്ലാ ജനറൽ സെക്രട്ടറി സാഞ്ചോസിനെ ക്യാമ്പസിൽ ഇടിമുറിയിലിട്ട് എസ്.എഫ്.ഐ. പ്രവർത്തകർ മർദിച്ചെന്നായിരുന്നു കെ.എസ്.യു. ആരോപണം. പുതിയ വിദ്യാർഥികളെ കോളേജിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കെ.എസ്.യു. ഫ്ലക്സ് വച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തുടർന്ന് ബോയ്സ് ഹോസ്റ്റലിലെ ഇടിമുറിയിൽ കൊണ്ടുപോയി തന്നെ വിചാരണ ചെയ്ത് മർദിക്കുകയായിരുന്നുവെന്ന് സാഞ്ചോസ് പറഞ്ഞു.
എസ്.എഫ്.ഐക്കാരെ സംരക്ഷിക്കുവാനുള്ള റിപ്പോർട്ടാണിതെന്ന് കെ.എസ്.യു ആരോപിച്ചു. ഇടത് അധ്യാപകർ മാത്രം ഉൾപ്പെട്ട അന്വേഷണ സമിതി റിപ്പോർട്ട് പ്രതിഷേധാർഹമാണെന്നും നീതി ലഭ്യമാകും വരെ മുന്നോട്ട് പോകുമെന്നും കെ.എസ്.യു അറിയിച്ചു.