പള്ളിബാണപ്പെരുമാള്‍ ബുദ്ധമതം സ്വീകരിച്ചതിനാല്‍ തളികളിലെ ബ്രാഹ്മണര്‍ക്ക് വിരോധമുണ്ടാവുകയും ആചാരം തെറ്റിച്ച പെരുമാളെ പരീക്ഷയില്‍ തോല്‍പ്പിച്ച് പുറത്താക്കുകയും ചെയ്തു. പെരുമാള്‍ കിളിരൂരില്‍ ഒരു ബുദ്ധപ്പള്ളി സ്ഥാപിച്ച ശേഷം തന്‍റെ സ്വദേശമായ നീലംപേരൂര്‍ താമസമാക്കുകയും അവിടെയും ഒരു ബുദ്ധപ്പള്ളി പണിത് ശിഷ്ടകാലം കഴിച്ചുവത്രേ. കിളിരൂരും നീലംപേരൂരുമുണ്ടായിരുന്ന വിഹാരങ്ങള്‍ പില്‍ക്കാലത്ത് ദേവീക്ഷേത്രങ്ങളായി. പള്ളിബാണപ്പെരുമാളുടെ സമാധി സ്ഥാനം നീലംപേരൂരില്‍ ഇന്നും കാണാം. ഈ പള്ളിബാണപ്പെരുമാള്‍ ആണ് അവസാനത്തെ പെരുമാള്‍ എന്നും ചില വാദങ്ങള്‍ ഉണ്ട്. ഏതായാലും കാലഗണന പൊരുത്തപ്പെടാത്ത, യുക്തിക്ക് നിരക്കാത്ത നിരവധി ഐതിഹ്യങ്ങള്‍ പെരുമാള്‍ കാലത്തെ സംഭവങ്ങളുമായി ചുറ്റിപ്പറ്റി ഉണ്ട്.
ചേരമാന്‍ പെരുമാളുടെ സ്മാരകം കൂടിയായ കൊടുങ്ങല്ലൂരിലെ പള്ളി ആദ്യകാലരൂപത്തിലെന്നല്ല, കേരളത്തിലെ പഴയ കാല മുസ്ലിം ആരാധനാലയങ്ങളുടെ രൂപഘടനയിലൊന്നും ഇന്ന് കാണാന്‍ സാധ്യമല്ല. അത് അടുത്തകാലത്ത് പുതുക്കി പണിതപ്പോള്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ് സ്ഥാപിതമായ പരമ്പരാഗത വാസ്തുവിദ്യരീതിയിലുള്ള പ്രാകാരം പൊളിച്ചു മാറ്റി. പരമ്പരാഗതമല്ലാത്ത വടക്കന്‍ പേര്‍ഷ്യന്‍ സ്വാധീനത്തില്‍ കടന്നെത്തിയ മഹത്തായ സാരസനിക് വാസ്തുവിദ്യയുടെ വികൃതമായ അനുകരണം പള്ളിയെ പൊതിഞ്ഞിരിക്കുന്നത് ഇന്ത്യയിലെ ആദ്യപള്ളിയെ കാണുക എന്ന ചരിത്രാന്വേഷിയുടെ പ്രതീക്ഷകളെ തകിടം മറിക്കും എന്ന് പ്രത്യേകിച്ചു പറയേണ്ടല്ലോ.
Content highlight : Perumal founded a Buddhist temple at Kilirur