Sports

സിംബാബ്‌വെക്ക് മുന്‍പില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യൻ യുവനിര, നാണംകെട്ട തോല്‍വി

ഹരാരെ: സിംബാബ്‌വെക്കെതിരായ ആദ്യ ട്വന്‍റി20യിൽ ഇന്ത്യക്ക് 13 റൺസിന്‍റെ പരാജയം. വിജയലക്ഷ്യമായ 116 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യൻ യുവനിര 102 റൺസിന് പുറത്തായി. 29 പന്തിൽ 31 റൺസ് നേടിയ നായകൻ ശുഭ്മൻ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറർ. മൂന്ന് ബാറ്റർമാർക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. സിംബാബ്‌വെ ക്യാപ്റ്റൻ സിക്കന്ദർ റാസ മൂന്ന് വിക്കറ്റ് എടുത്തു.

ടി20 ക്രിക്കറ്റില്‍ എട്ട് വര്‍ഷത്തിനിടെ ഇന്ത്യയുടെ ഏറ്റും ചെറിയ സ്കോറാണ് ഇന്ത്യ ഇന്ന് നേടിയ 102 റണ്‍സ്. 2016ല്‍ പൂനെയില്‍ ശ്രീലങ്കക്കെതിരെ 101 റണ്‍സിന് പുറത്തായതായിരുന്നു ഇതിന് ഇന്ത്യയുടെ ഇതിന് മുമ്പത്തെ ഏറ്റവും ചെറിയ സ്കോര്‍.

ടി20യില്‍ ഇന്ത്യക്കെതിരെ ഏതെങ്കിലും ഒരു ടീം പ്രതിരോധിക്കുന്ന ഏറ്റവും ചെറിയ സ്കോറുമാണിത്. 2016ല്‍ നാഗ്പൂരില്‍ ന്യൂസിലന്‍ഡ് 127 റണ്‍സ് പ്രതിരോധിച്ചതാണ് ഇതിന് മുമ്പ് ഇന്ത്യക്കെതിരെ പ്രതിരോധിച്ച ഏറ്റവും കുറഞ്ഞ സ്കോര്‍. ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ അഞ്ചാമത്തെ ടോട്ടലുമാണ് ഇന്ന് സിംബാബ്‌വെക്കെതിരെ നേടിയ 102 റണ്‍സ്. 2008ല്‍ ഓസ്ട്രേലിയക്കെതിരെ 74, 2016ല്‍ ന്യൂസിലൻഡിനെതിരെ 79, 2015ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ 92, 2016ൽ ശ്രീലങ്കക്കെതിരെ 101 റണ്‍സ് എന്നിവയാണ് ടി20 ക്രിക്കറ്റില്‍ ഇതിന് മുമ്പത്തെ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്കോറുകള്‍.

നേരത്തേ രവി ബിഷ്‌ണോയ്‌യുടെ കരുത്തില്‍ സിംബാബ്വെയെ ഇന്ത്യ 115 റണ്‍സിലൊതുക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തു. പത്താംവിക്കറ്റില്‍ ക്ലൈവ് മദാന്ദെയും ടെന്‍ഡായ് ചതാരയും ചേര്‍ന്ന് നടത്തിയ അപരാജിത കൂട്ടുകെട്ടാണ് സിംബാബ്വെയെ നൂറ് കടത്തിയത്. ചതാര ഒരറ്റത്ത് റണ്ണൊന്നുമെടുക്കാതെ നിലയുറപ്പിച്ചപ്പോള്‍ മദാന്ദെ മറുവശത്ത് സ്‌കോര്‍ ഉയര്‍ത്തി. 25 പന്തില്‍ 29 റണ്‍സ് നേടിയ മദാന്ദെ സിംബാബ്വെ നിരയിലെ ടോപ് സ്‌കോററായി.

നാലോവറില്‍ 13 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ബിഷ്ണോയ് നാലുപേരെ മടക്കിയത്. ഓപ്പണര്‍ വെസ്്ലി മധ്വരെ (22 പന്തില്‍ 21), ബ്രയാന്‍ ബെന്നറ്റ് (15 പന്തില്‍ 23), ലൂക്ക് ജോങ്വെ (1), ബ്ലെസ്സിങ് മുസറബനി (0) എന്നിവരാണ് ബിഷ്ണോയ്ക്ക് മുന്നില്‍ കീഴടങ്ങിയത്. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയെ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കിയതും ബിഷ്ണോയ്യായിരുന്നു. വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റുകളും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, 19.5 ഓവറില്‍ 102 റണ്‍സിന് പുറത്തായി. അരങ്ങേറ്റക്കാരായ അഭിഷേക് ശര്‍മയും (0) റിയാന്‍ പരാഗും (2), ധ്രുവ് ജുറേലും (14 പന്തില്‍ 7) പരാജയമായത് ഇന്ത്യക്ക് തിരിച്ചടിയായി. മധ്യനിരയിൽ പിടിച്ചുനിന്ന വാഷിങ്ടൻ സുന്ദർ (27) ഇടക്ക് ജയപ്രതീക്ഷ ഉയർത്തിയെങ്കിലും മത്സരം ഫിനിഷ് ചെയ്യാനായില്ല. വാലറ്റത്ത് ആവേശ് ഖാൻ (16) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച നടക്കും.