സൂറത്ത്: ഗുജറാത്തില്‍ ആറുനില കെട്ടിടം തകര്‍ന്നുവീണു. ടെക്‌സ്റ്റൈല്‍ തൊഴിലാളികൾ കുടുംബവുമായി താമസിക്കുന്ന കെട്ടിടമാണ് തകര്‍ന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഒരു സ്ത്രീയെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അപകടം. പാലിഗ്രാമിലെ ഡി.എന്‍. നഗര്‍ സൊസൈറ്റിയിലെ കെട്ടിടമാണ് തകര്‍ന്നത്. വിവരമറിഞ്ഞ് ഉടന്‍ എത്തിയ അഗ്നിരക്ഷാ സേനയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. സ്ഥലം എം.എല്‍.എ. സന്ദീപ് ദേശായി, സൂറത്ത് പോലീസ് കമ്മിഷണര്‍ അനുപം സിങ് ഗെഹലോട്ട്, ജില്ലാ കളക്ടര്‍ ഡോ. സൗരഭ് പ്രധി എന്നിവര്‍ സ്ഥലത്തെത്തി.
2016-17 വർഷത്തിൽ നിർമിച്ച കെട്ടിടമാണ് തകർന്നതെന്ന് സൂററ്റ് പൊലീസ് കമീഷണർ അനുപം സിങ് ഗെഹ്ലോട്ട് പറഞ്ഞു. രണ്ടുമൂന്നു മണിക്കൂറിനകം കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ സാധിക്കുമെന്നും അനുപം സിങ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇക്കഴിഞ്ഞ മാർച്ചിൽ മോർബി നഗരത്തിൽ നിർമാണം നടന്നുകൊണ്ടിരുന്ന മെഡിക്കൽ കോളജ് കെട്ടിടം തകർന്ന് നാലുപേർക്ക് പരിക്കേറ്റിരുന്നു.