മലയാളനാടിന്റെ ആകാശമേഘങ്ങളെ ചുംബിച്ച് തലയുയർത്തി നിരക്കുന്ന ബ്രഹ്മഗിരി മലനിരകൾ . തിരുനെല്ലി ക്ഷേത്രത്തെ ഉമ്മവെച്ച് വയനാടിന്റെ പച്ചപ്പിനെ ചേർത്ത് പിടിച്ച് നിൽക്കുന്ന ബ്രഹ്മഗിരി കേരളത്തിലെ ഏറ്റവും ഉയരം കൂടിയ മലനിരകളിൽ ഒന്നാണ് . പിതൃമോക്ഷം നേടി ആയിരങ്ങൾ ബലി അർപ്പിക്കാൻ എത്തുന്ന ഇടമായ തിരുനെല്ലിയോട് ചേർന്നാണ് ബ്രഹ്മഗിരി മലനിരകൽ കിടക്കുന്നത് . മോക്ഷദായിനിയായ പാപനാശിനി പുഴയുടെ തീരത്താണ് തിരുനെല്ലി ക്ഷേത്രം. ബ്രഹ്മദേവനാണ് തിരുനെല്ലി ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതെന്നാണ് ഐതീഹ്യം. കുടക് മലകളോട് ചേര്‍ന്നു കിടക്കുന്ന ബ്രഹ്മഗിരിമലനിരകളിൽ വന്നിറങ്ങിയ ബ്രഹ്മദേവന്‍, അവിടുത്തെ പ്രകൃതിയില്‍ വിഷ്ണുസാന്നിധ്യം തിരിച്ചറിഞ്ഞു.
മലയില്‍ കണ്ടെത്തിയ വിഷ്ണുശില ബ്രഹ്മഗിരിയുടെ താഴ്‌വാരപ്രദേശമായ തിരുനെല്ലിയില്‍ പ്രതിഷ്ഠിച്ചു.ബ്രഹ്മാവിനു മുന്നില്‍ പ്രത്യക്ഷപ്പെട്ട വിഷ്ണു ഭഗവാന്‍ ക്ഷേത്ര മാഹാത്മ്യം വിശദീകരിക്കുകയും ചെയ്തു . ബ്രഹ്മാവ് പണ്ട് തപസ്സുചെയ്ത ഗിരിനിരകളായതിനാലാണ് ഈ മലകള്‍ക്ക് ബ്രഹ്മഗിരി എന്ന പേര് വരാനിടയായത് എന്നാണ് ഐതിഹ്യം. കേരളത്തിലെ വയനാട് ജില്ലയിലും കർണാടകത്തിലെ കുടക് ജില്ലയിലുമായാണ് ബ്രഹ്മഗിരി മലകളുടെ സ്ഥാനം . സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 1740 അടി മുകളിലാണ് ബ്രഹ്മഗിരിനിരകള്‍. പ്രശസ്ത സഞ്ചാരകേന്ദ്രമായ പക്ഷിപാതാളവും ബ്രഹ്മഗിരിമലയിലാണ്.പുരാതനകാലത്ത് ഋഷികൾ തപസ്സുചെയ്യാന്‍ ഉപയോഗിച്ചിരുന്ന ഗുഹയാണിതെന്ന് പറയപ്പെടുന്നു. കര്‍ണാടകയില്‍ ഈ ഗുഹ മുനിക്കല്‍ ഗുഹ എന്നും അറിയപ്പെടുന്നു.
ഇവ രണ്ടും കേരളത്തിന്‍റെ അതിർത്തിക്കുള്ളിലാണ്. തിരുനെല്ലിയോട് ചേര്‍ന്ന ഇരുപ്പു വെള്ളച്ചാട്ടം ബ്രഹ്മഗിരിയുടെ കർണ്ണാടകത്തിന്‍റെ ഭാഗത്തായി സ്ഥിതി ചെയ്യുന്നു. ഹിന്ദുമത വിശ്വാസപരമായും പ്രാധാന്യമുള്ള സ്ഥലമാണ് ബ്രഹ്മഗിരിക്കുന്നുകള്‍. രാമ ലക്ഷ്മണന്മാര്‍ സീതയെ അന്വേഷിച്ചു വന്ന സ്ഥലമാണിതെന്നും ഐതിഹ്യമുണ്ട്. നിത്യഹരിത വനങ്ങളും ചോലകളും പുൽമേടുകളും നിറഞ്ഞ ബ്രഹ്മഗിരി കുന്നുകൾ ട്രക്കിംഗ് പ്രേമികളുടെ ഇഷ്ടം കൂടിയാണ് .ഇരുപ്പ് വെള്ളച്ചാട്ടമാണ് മറ്റൊരു പ്രത്യേകത. മഴക്കാലത്ത് അതിസുന്ദരിയായിട്ടാണ് ഈ വെള്ളച്ചാട്ടത്തിന്റെ ഒഴുക്ക്.
ബ്രഹ്മഗിരിമലയുടെ മുകളില്‍ നിന്നാല്‍ ഒരുവശത്ത് കേരളവും മറുവശത്ത് കര്‍ണാടകയുമാണ് കാണാനാകുക . വീണ്ടും മുന്നോട്ട് നടന്നാല്‍ പക്ഷിപാതാളവും കടന്ന് കൂര്‍ഗിലാണ് എത്തുക. ആളും തിരക്കുമില്ലാതെ പ്രകൃതിയോട് ഇണങ്ങിയാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ധൈര്യമായി പോകാന്‍ പറ്റിയതാണ് ബ്രഹ്മഗിരി. എപ്പോഴും കുളിര്‍പ്പിക്കുന്ന തണുപ്പാണിവിടെ . അതുകൊണ്ട് തന്നെയാണ് ബ്രഹ്മഗിരിയെ പ്രകൃതിയുടെ എസി റൂം എന്ന് വിളിയ്ക്കുന്നതും. പ്രത്യേകിച്ച് ഒരു സീസണുമില്ലാതെ വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും ഇവിടെ സന്ദര്‍ശിക്കാം.