ഹാഥ്റസ്: ഹാഥ്റസ് ദുരന്തത്തിൽ വിവാദ ആൾദൈവം ഭോലെ ബാബയ്ക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ഹാഥ്റസ് ദുരന്തത്തിലെ മുഖ്യപ്രതി ദേവപ്രകാശ് മധുക്കറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ദുരന്ത ഭൂമി ജുഡീഷ്യൽ കമ്മീഷൻ ഇന്നലെ സന്ദർശിച്ചു.
സത്സംഗം പരിപാടിയുടെ മുഖ്യ സംഘാടകനായിരുന്ന ദേവപ്രകാശ് മധുക്കറിനെ കഴിഞ്ഞദിവസമാണ് യുപി പൊലീസ് ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തത്. 80000 പേരെ പങ്കെടുപ്പിക്കേണ്ട പരിപാടിയിൽ രണ്ടേകാൽ ലക്ഷം ജനങ്ങളെ പങ്കെടുപ്പിച്ചു എന്നാണ് മധുക്കറിനു എതിരെ എഫ്.ഐ.ആറിൽ പറയുന്നത്. പരിപാടിയുടെ സംഘാടകരായ രണ്ടുപേരെ കൂടി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
രാംപ്രകാശ് ഷാഖിയ , സഞ്ജു യാദവ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. സഞ്ജു യാദവിനെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇതുവരെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 9 ആയിട്ടുണ്ട്. എന്നാൽ ആൾ ദൈവം ഭോലേ ബാബ ഇപ്പോഴും ഒളിവിലാണ്.അപകടത്തിന് പിന്നിൽ സാമൂഹ്യവിരുദ്ധരെന്നും താൻ വേദി വിട്ടതിനുശേഷം ആണ് അപകടം ഉണ്ടായതെന്നാണ് ബാബയുടെ വിശദീകരണം.ജുഡീഷ്യൽ കമ്മീഷൻ ഇന്നലെ അപകട സ്ഥലം സന്ദർശിച്ചു പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു.രണ്ട് മാസത്തിനുള്ളിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കും.