Kerala

ചരിത്രമെഴുതി കോട്ടയം മെഡിക്കൽ കോളേജ്; അഞ്ചുവയസ്സുകാരന്റെ കരൾമാറ്റ ശസ്ത്രക്രിയ വിജയം | Kottayam Medical College made history; Five-year-old’s liver transplant surgery successful

കോട്ടയം: സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളജിൽ ഏറ്റവും പ്രായം കുറഞ്ഞ ആളുടെ കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ചരിത്രം രചിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി.

മലപ്പുറം തിരൂർ സ്വദേശിയായ ആൺകുട്ടിക്കാണ് കോട്ടയം മെഡിക്കൽ കോളജിലെ സർജിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗം മേധാവി ഡോ. ആർ.എസ്.സിന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘം പുതുജീവൻ നൽകിയത്. ജന്മനാ കരൾ രോഗബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ കുട്ടിയുമായി ഒടുവിൽ മെഡിക്കൽ കോളേജിൽ എത്തുകയായിരുന്നു. 25 വയസുകാരിയായ അമ്മ കരൾ നൽകാൻ തയ്യാറായതോടെ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കം തുടങ്ങി.

കഴിഞ്ഞ ദിവസം അമൃത ആശുപത്രിയിലെ ഡോക്ടർമാരുടെ സാന്നിദ്ധ്യത്തിൽ മെഡിക്കൽ കോളേജിലെ ഏഴ് വകുപ്പുകളുടെ സഹകരണത്തോടെ ആരംഭിച്ച ശസ്ത്രക്രിയ 10 മണിക്കൂർ നീണ്ടു. കുട്ടിയെ ഇന്നലെ രാവിലെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയെങ്കിലും മൂന്ന് ദിവസം അതിനിർണായകമാണ്. ഒരാഴ്ച കർശന നിരീക്ഷണത്തിലാണ്. സർക്കാർ മെഡിക്കൽ കോളേജുകളിൽ അപൂർവമാണ് പീഡിയാട്രിക് ലിവർ ട്രാൻസ്‌പ്ളാന്റേഷൻ. അതിസങ്കീർണമായ ശസ്ത്രികിയ ഏറ്റെടുത്ത് പൂർത്തിയാക്കിയ ഡോ. സിന്ധുവിനേയും ടീം അംഗങ്ങളേയും മന്ത്രി വീണാജോർജ് അഭിനന്ദിച്ചു.