ആറുനില കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ ഏഴുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഗുജറാത്തിലെ സൂറത്തിൽ കഴിഞ്ഞ ദിവസം ആയിരുന്നു അപകടം ഉണ്ടായത്. എൻഡിആർഎഫ് ഉൾപ്പെടെയുള്ള സംഘം രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ ഒരാളെ പരുക്കുകളോടെ രക്ഷപെടുത്തിയിരുന്നു. അപകടത്തിൻ്റെ കാരണം വ്യക്തമല്ല.
പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അപകടം.ഗാര്‍മെൻ്റ് ഫാക്ടറി തൊഴിലാളികൾ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നുവീണതെന്നാണ് വിവരം. കെട്ടിടത്തിൻ്റെ ഓരോ നിലയിലും അഞ്ചോ ആറോ ഫ്ലാറ്റുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. എത്ര പേര്‍ അപകടത്തിൽപെട്ടു എന്ന് വ്യക്തമല്ല. രാഷ്ട്രീയ നേതാക്കളും സര്‍ക്കാര്‍ പ്രതിനിധികളും സ്ഥലത്തെത്തി.
ജെ.സി.ബിയും ഡ്രില്ലിങ് മെഷീനുകളും ഉള്‍പ്പെടെ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കിയാണ് തിരച്ചില്‍ നടത്തുന്നത്. എത്രപേരാണ് കുടുങ്ങിക്കിടക്കുന്നതെന്ന് ഇനിയും വ്യക്തമല്ലെന്ന് എം.എല്‍.എയും ജില്ലാ കളക്ടറും പറഞ്ഞു. ഫ്‌ളഡ് ലൈറ്റ് സ്ഥാപിച്ചാണ് രാത്രിയിലും രക്ഷാപ്രവര്‍ത്തനം തുടരുന്നത്.