Food

വിശേഷ വേളകളിൽ വിളമ്പാൻ ഇനി വീട്ടിൽ തയ്യാറാക്കാം സുർബിയാൻ | Zurbian can now be prepared at home to serve on special occasions

വിശേഷ ദിവസങ്ങളിൽ തയ്യാറാക്കുന്ന ഒരു അരി വിഭവമാണ് സുർബിയൻ, ഇത് സാധാരണയായി വിവാഹങ്ങളിലും ഈദ് സമയത്തുമൊക്കെയാണ് തയ്യാറാക്കാറുള്ളത്. അതിഥികൾ വരുമ്പോഴും ഇനി ഇത് വീട്ടിൽ വിളമ്പാം. ഇത് എങ്ങനെ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

ഉള്ളി വറുക്കുന്നതിന്

  • 1. ഒലിവ് ഓയിൽ -1/3 കപ്പ്
  • 2. സവാള -മൂന്ന്

അരി വേവിക്കാൻ

  • 1. വെള്ളം -മൂന്ന് ലിറ്റർ
  • 2. ബസ്മതി അരി -മൂന്ന് കപ്പ്
  • 3. ഉപ്പ് -ആവശ‍്യത്തിന്
  • 4. കറുവ ഇല -ഒന്ന്
  • 5. തക്കോലം -ഒന്ന്
  • 6. കറുവപ്പട്ട -ഒന്ന്
  • 7. ഏലക്ക -ആറ്
  • 8. ഗ്രാമ്പു -ആറ്
  • 9. ജാതിക്ക -ഒന്ന്
  • 10. ഉണക്ക നാരങ്ങ -ഒന്ന്
  • 11. വെളിച്ചെണ്ണ -ഒരു ടേബ്ൾ സ്പൂൺ

മാരിനേഷന്

  • 1. വറുത്തെടുത്ത സവാള
  • 2. ഇഞ്ചി -ഒരു കഷണം
  • 3. വെളുത്തുള്ളി -20 അല്ലി
  • 4. തൈര് -അരക്കപ്പ്
  • 5. പാപ്രിക പൗഡർ -അര ടീസ്പൂൺ
  • 6. കശുവണ്ടി -ഒരു ടേബ്ൾ സ്പൂൺ
  • 7. ഉണക്ക മുന്തിരി -ഒരു ടേബ്ൾ സ്പൂൺ

മസാലക്ക്

  • 1. സവാള -ഒന്ന്
  • 2. കാപ്സിക്കം -ഒന്ന്
  • 3. തക്കാളി -രണ്ട്
  • 4. കറുവ ഇല -ഒന്ന്
  • 5. ഉണക്ക നാരങ്ങ -ഒന്ന്
  • 6. മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
  • 7. കുരുമുളകുപൊടി -മുക്കാൽ ടീസ്പൂൺ
  • 8. മല്ലിപ്പൊടി -മൂന്ന് ടീസ്പൂൺ
  • 9. അറബിക് ഗരം മസാല -ഒരു ടീസ്പൂൺ
  • 10. പച്ചമുളക് -അഞ്ച്
  • 11. ഉരുളക്കിഴങ്ങ് -അഞ്ച്
  • 12. ഉപ്പ് -ആവശ‍്യത്തിന്
  • 13. മല്ലി -ഒരു ടേബ്ൾ സ്പൂൺ
  • 14. സ്റ്റോക്ക് ക്യൂബ് -ഒരെണ്ണം
  • 15. കുങ്കുമപ്പൂവ് -ഒന്നോ രണ്ടോ നുള്ള്
  • 16. ഓറഞ്ച് ബ്ലോസം വാട്ടർ -മുക്കാൽ ടീസ്പൂൺ
  • 17. ചിക്കൻ -ഒരു കിലോ

തയാറാക്കുന്ന വിധം

പാൻ ചൂടാക്കി ഒലിവ് ഓയിൽ ഒഴിച്ച് അതിലേക്ക് സവാള ചേർത്ത് വറുത്തെടുത്ത് മാറ്റിവെക്കുക. അരി വേവിക്കാൻ മൂന്നു ലിറ്റർ വെള്ളമെടുത്ത് 3 മുതൽ 11 വരെയുള്ള ചേരുവകൾ ചേർത്ത് ഒരു മിനിറ്റോളം തിളപ്പിക്കുക. മൂന്ന് കപ്പ് ബസ്മതി അരിയും സവാള വറുക്കാൻ ഉപയോഗിച്ച എണ്ണയുംകൂടി ചേർക്കുക. എട്ടു മിനിറ്റ് വേവിച്ചെടുത്തശേഷം ചോർ വാർത്തെടുക്കുക.

ചിക്കൻ മാരിനേറ്റ് ചെയ്യാനായി 1 മുതൽ 4 വരെയുള്ള ചേരുവകൾ ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം ബൗളിലേക്ക് മാറ്റി ചിക്കൻ പാപ്രിക പൗഡറും ഉപ്പും ചേർത്ത് മാരിനേറ്റ് ചെയ്ത് അരമണിക്കൂർ മാറ്റിവെക്കുക. പാൻ ചൂടാക്കി എണ്ണയൊഴിച്ച് കശുവണ്ടി, ഉണക്കമുന്തിരി എന്നിവ വറുത്തെടുത്ത് മാറ്റിവെക്കുക. ഇതേ പാനിൽതന്നെ സവാള ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക.

മസാലക്ക് 2 മുതൽ 10 വരെയുള്ള ചേരുവകൾ മിക്സ് ചെയ്യുക. മാരിനേറ്റ് ചെയ്തുവെച്ച ചിക്കൻ പാനിലേക്ക് മാറ്റി വെളിച്ചെണ്ണയൊഴിച്ച് ബ്രൗൺ നിറം ആകുന്നതുവരെ ഫ്രൈ ചെയ്തശേഷം മാറ്റിവെക്കുക. മുക്കാൽ കപ്പോളം വെള്ളമൊഴിച്ച് ഉപ്പും ചേർത്ത് ചിക്കൻ വേവിച്ചെടുക്കുക. മല്ലിയില, ഉരുളക്കിഴങ്ങ്, സ്റ്റോക്ക് ക്യൂബ് എന്നിവയും ചേർക്കുക.

ചെറുതീയിൽ അടച്ചുവെച്ച് 20 മിനിറ്റോളം പാകം ചെയ്യുക. പിന്നീട് പാനിലെ വെള്ളം കുറയാൻ തുറന്നുവെച്ചും അൽപനേരം പാകം ചെയ്യാം. നേരത്തേ വേവിച്ചുവെച്ച ചോറിൽ പകുതിയെടുത്ത് പാനിലേക്കിട്ട് വറുത്തെടുത്ത സവാള, മല്ലിയില, പുതിനയില എന്നിവ ചേർക്കുക. ബാക്കിയുള്ള ചോറുകൂടി ചേർത്ത് വീണ്ടും വറുത്തെടുത്ത സവാള, മല്ലിയില, പുതിനയില എന്നിവയും ചൂടുവെള്ളത്തിലിട്ട കുങ്കുമപ്പൂവ്, ഓറഞ്ച് ബ്ലോസം വാട്ടർ എന്നിവയുംകൂടി ചേർത്ത് അടച്ചുവെച്ച് 20 മിനിറ്റ് പാകം ചെയ്താൽ രുചികരമായ സുർബിയാൻ തയാർ.