ഒരു സമയത്ത് ട്രെൻഡ് ആയിരുന്ന മാഞ്ഞാലി ബിരിയാണി ഓർമ്മയുണ്ടോ? അതൊന്ന് ട്രൈ ചെയ്താലോ? പേര് കേൾക്കുമ്പോൾ ബിരിയാണി ആണെന്ന് തോന്നുവെങ്കിലും ഇത് ബിരിയാണിയിൽ നിന്നും അല്പം വ്യത്യസ്തമാണ്. കാരണം അരിയും മസാലയും പ്രത്യേകം പ്രത്യേകമാണ് തയ്യാറാക്കുന്നത്. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
അരി വേവിക്കാൻ
- 1. കൈമ അരി -മൂന്ന് കപ്പ്
- 2. ഏലക്ക -ആറ്
- 3. ഗ്രാമ്പു -ഏഴ്
- 4. പെരുംജീരകം -അര ടീസ്പൂൺ
- 5. കറുവപ്പട്ട -അര ഇഞ്ചിന്‍റെ കഷണം
- 6. ജാതിപത്രി- അരക്കഷണം
- 7. തക്കോലം -അരക്കഷണം
- 8. സവാള -ഒരെണ്ണം വലുത്
- 9. കാരറ്റ് -കാൽ കപ്പ്
- 10. പൈനാപ്പിൾ -കാൽ കപ്പ്
- 11. പച്ചമുളക് -ഒരെണ്ണം
- 12. വെളുത്തുള്ളി പേസ്റ്റ് -അര ടീസ്പൂൺ
- 13. ഇഞ്ചി പേസ്റ്റ് -കാൽ ടീസ്പൂൺ
- 14. മല്ലിയില -ആവശ്യത്തിന്
- 15. ഉപ്പ് -ആവശ്യത്തിന്
- 16. നെയ്യ് -ആവശ്യത്തിന്
- 17. വെളിച്ചെണ്ണ -ആവശ്യത്തിന്
മാരിനേഷന്
- 1. ചിക്കൻ -ഒന്നര കിലോ
- 2. കശ്മീരി ചില്ലി പൗഡർ -ഒരു ടേബ്ൾ സ്പൂൺ
- 3. മഞ്ഞൾപ്പൊടി -അര ടേബ്ൾ സ്പൂൺ
- 4. വിനാഗിരി -ഒരു ടേബ്ൾ സ്പൂൺ
- 5. ഉപ്പ് -ആവശ്യത്തിന്
- 6. കറിവേപ്പില -മൂന്നു മുതൽ നാലുവരെ തണ്ട്
മസാലക്ക്
- 1. സവാള -രണ്ടെണ്ണം വലുത്
- 2. വെളുത്തുള്ളി പേസ്റ്റ് -ഒരു ടേബ്ൾ സ്പൂൺ
- 3. ഇഞ്ചി പേസ്റ്റ് -ഒരു ടേബ്ൾ സ്പൂൺ
- 4. കശ്മീരി ചില്ലി പൗഡർ -ഒരു ടേബ്ൾ സ്പൂൺ
- 5. പച്ചമുളക് -രണ്ടെണ്ണം
- 6. മല്ലിപ്പൊടി – മുക്കാൽ ടേബ്ൾ സ്പൂൺ
- 7. മഞ്ഞൾപ്പൊടി -കാൽ ടേബ്ൾ സ്പൂൺ
- 8. ഗരം മസാല -ഒരു ടേബ്ൾ സ്പൂൺ
- 9. കുരുമുളക് പൊടി -അര ടേബ്ൾ ടീസ്പൂൺ
- 10. തക്കാളി -രണ്ടെണ്ണം
- 11. നാരങ്ങ -ഒരെണ്ണം
ഗാർണിഷ് ചെയ്യാൻ
- 1. സവാള -ഒന്ന് വലുത്
- 2. കശുവണ്ടി -രണ്ട് ടേബ്ൾ സ്പൂൺ
- 3. ഉണക്കമുന്തിരി -ഒരു ടേബ്ൾ സ്പൂൺ
തയാറാക്കുന്ന വിധം
2 മുതൽ 6 വരെയുള്ള ചേരുവകൾ ഉപയോഗിച്ച് ചിക്കൻ മാരിനേറ്റ് ചെയ്ത് അരമണിക്കൂർ മാറ്റിവെക്കുക. അരി വേവിക്കാൻ പാനിലേക്ക് വെളിച്ചെണ്ണ, നെയ്യ് എന്നിവ ചേർത്ത് എണ്ണ ചൂടാകുമ്പോൾ 3 മുതൽ 9 വരെയുള്ള ചേരുവകൾ ചേർത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് ഉപ്പ്, വെളുത്തുള്ളി പേസ്റ്റ്, കാൽ ടീസ്പൂൺ ഇഞ്ചി പേസ്റ്റ് എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് പൈനാപ്പിൾ, കാരറ്റ്, പച്ചമുളക് എന്നിവ ചേർത്ത് വീണ്ടും വഴറ്റുക. കുറച്ച് കറിവേപ്പിലയും കൂടി ചേർക്കുക.
ഒരു കപ്പ് അരിക്ക് ഒന്നരക്കപ്പ് എന്നതോതിൽ വെള്ളം ചേർക്കുക. വീണ്ടും ഉപ്പിട്ടശേഷം വെള്ളം തിളക്കുമ്പോൾ മല്ലിയിലകൂടി ചേർക്കാം. ഇതിലേക്ക് കുതിർത്തെടുത്ത് വെള്ളം വാർന്ന അരികൂടി ചേർക്കുക. അരി തിളച്ച് തുടങ്ങുമ്പോൾ നാരങ്ങ നീര് ചേർക്കുക. ചേരുവകളെല്ലാം ഇളക്കി ചെറുതീയിൽ വെള്ളം വറ്റുന്നതുവരെ പാകം ചെയ്തെടുക്കുക. വെള്ളം വറ്റിയശേഷം നെയ്യ് കൂടി ചേർത്ത് സ്റ്റൗ ഓഫ് ചെയ്ത് അടച്ചുവെച്ച് 15 മിനിറ്റ് വേവാൻ വെക്കുക. കടായിയിൽ വെളിച്ചെണ്ണയൊഴിച്ച് അതിൽ സവാളയിട്ട് ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക.
ഈ ചേരുവയിലേക്ക് കറിവേപ്പിലകൂടി ചേർത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇതേ പാത്രത്തിൽ കശുവണ്ടിയും ഉണക്കമുന്തിരിയും കൂടി നെയ്യ് ചേർത്ത് വറുത്തെടുക്കുക. മറ്റൊരു പാത്രംവെച്ച് ചിക്കൻ മുക്കാൽ കപ്പ് വെള്ളത്തിൽ 15 മിനിറ്റ് വേവിച്ചെടുക്കുക. ഇതിൽനിന്ന് ചിക്കൻ കഷണങ്ങൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. സവാള വറുത്ത എണ്ണയിലിട്ട് ചിക്കൻ ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ ഒന്നുകൂടി വറുത്തെടുക്കുക.
ഇതിൽനിന്ന് കുറച്ച് എണ്ണ നീക്കം ചെയ്തശേഷം സവാളയും ഉപ്പുമിട്ട് ലൈറ്റ് ബ്രൗൺ നിറമാകുന്നതുവരെ ഇളക്കിയശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത് എന്നിവ ചേർത്ത് വഴറ്റുക. കശ്മീരി ചില്ലി പൗഡർ, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരംമസാല, കുരുമുളകുപൊടി, തക്കാളി എന്നിവ ചേർത്ത് ഇളക്കുക. ഇതിലേക്ക് ചിക്കൻ പാകം ചെയ്യാൻ ഉപയോഗിച്ച വെള്ളം കുറച്ച് ചേർത്ത് കൊടുക്കാം. ഇവ പേസ്റ്റ് രൂപത്തിലാവുന്നതുവരെ പാകം ചെയ്തശേഷം ചിക്കൻകൂടി ചേർത്ത് അടച്ചുവെച്ച് 10 മിനിറ്റ് വേവിക്കുക. വേവിച്ചുവെച്ച ചോറിൽ വറുത്തെടുത്ത സവാളകൂടി ചേർത്ത് ചിക്കനൊപ്പം രുചികരമായ മാഞ്ഞാലി ബിരിയാണി വിളമ്പാം.