സ്വാദിഷ്ടമായ ചിക്കൻ ബിരിയാണി ഉണ്ടാക്കാനുള്ള എളുപ്പവഴിയാണ് പ്രഷർ കുക്കർ ചിക്കൻ ബിരിയാണി. ബിരിയാണി കഴിക്കാൻ കൊതി തോന്നിയാൽ ഇനി വളരെ എളുപ്പത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ ബിരിയാണി തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- 1. ചിക്കൻ -ഒരു കിലോ
- 2. വെളിച്ചെണ്ണ -ഒരു ടീസ്പൂൺ
- 3. സവാള -മൂന്ന്
- 4. പച്ചമുളക് -10
- 5. ചെറിയ ഉള്ളി -10
- 6. വെളുത്തുള്ളി -20 അല്ലി
- 7. ഇഞ്ചി -ചെറിയ കഷണം
- 8. കശ്മീരി ചില്ലി പൗഡർ -അര ടീസ്പൂൺ
- 9. മല്ലിപ്പൊടി -രണ്ട് ടീസ്പൂൺ
- 10. മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
- 11. ഗരം മസാല -ഒരു ടീസ്പൂൺ
- 12. തക്കാളി -രണ്ട്
- 13. ഉപ്പ് -ആവശ്യത്തിന്
- 14. മല്ലിയില -ഒരുപിടി
- 15. കറിവേപ്പില -മൂന്ന് മുതൽ നാലുവരെ തണ്ട്
- 16. പുതിനയില -ഒരുപിടി
- 17. തൈര് -അരക്കപ്പ്
- 18. കുരുമുളകുപൊടി -അര ടീസ്പൂൺ
- 19. ചെറുനാരങ്ങ നീര് -പകുതി നാരങ്ങയുടേത്
- 20. കറുവപ്പട്ട -ഒന്ന്
- 21. ഏലക്ക -നാല്
- 22. ഗ്രാമ്പു -നാല്
- 23. കറുവ ഇല -ഒന്ന്
- 24. ബസ്മതി അരി -രണ്ടര കപ്പ്
തയാറാക്കുന്ന വിധം
കുക്കർ ചൂടാക്കിയെടുത്ത് വെളിച്ചെണ്ണയൊഴിച്ച് അതിനൊപ്പം സവാളയും ഉപ്പും ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക. ചിക്കൻ മാരിനേറ്റ് ചെയ്യാൻ 4 മുതൽ 7 വരെയുള്ള ചേരുവകൾ ചതച്ചെടുത്ത് ബൗളിലേക്ക് മാറ്റുക. അതോടൊപ്പം വറുത്തുവെച്ച സവാള, 8 മുതൽ 18 വരെയുള്ള ചേരുവകൾ എന്നിവ ചേർത്ത് ചിക്കൻ മാരിനേറ്റ് ചെയ്ത് അരമണിക്കൂർ വെക്കുക.
പ്രഷർ കുക്കർ വീണ്ടും ചൂടാക്കി എണ്ണയൊഴിച്ച് 20 മുതൽ 23 വരെയുള്ള ചേരുവകൾ ചേർക്കുക. അതിലേക്ക് മാരിനേറ്റ് ചെയ്ത ചിക്കനും ചേർക്കാം. ഉയർന്ന ചൂടിൽ മൂന്ന് മിനിറ്റ് വേവിച്ചശേഷം ബസ്മതി അരി ഇട്ടുകൊടുക്കുക. ഒരു കപ്പ് അരിക്ക് മുക്കാൽ കപ്പ് എന്ന തോതിൽ വെള്ളമൊഴിച്ച് കൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കുക. കുക്കർ അടച്ചുവെച്ച് ഒരു വിസിൽ വരുന്നതുവരെ വേവിക്കുക. 20 മിനിറ്റിനുശേഷം കുക്കറിൽനിന്ന് ബൗളിലേക്ക് മാറ്റി പ്രഷർ കുക്കർ ബിരിയാണി ചൂടോടെ വിളമ്പാം.