ഷിപ്പിങ് കമ്പനികളുടെ പേരില്‍ വരുന്ന മെസേജുകളില്‍ വഞ്ചിതരാകരുതെന്ന് അജ്മാന് പൊലീസ്. അടുത്തിടെ ഷിപ്പിങ് കമ്പനികളുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ നിരവധി പേര്‍ക്ക് വന്നിരുന്നു. ഷിപ്മെന്റ് കുടുങ്ങിക്കിടക്കുന്നതായും ഇത് ശരിപ്പെടുത്താന്‍ മെസേജില്‍ നല്‍കിയിട്ടുള്ള ലിങ്കില്‍ കയറി വിവരങ്ങള്‍ നല്‍കാനുമാണ് നിര്‍ദേശം.
ഈ ലിങ്കില്‍ കയറി വിവരങ്ങള്‍ നല്കിയ നിരവധി പേരാണ് കബളിപ്പിക്കപ്പെട്ടത്. ഷിപ്പിങ് കമ്പനികളുടെ പേരില്‍ ഇത്തരത്തില്‍ നിരവധി പേര്‍ക്ക് മെസേജ് വരുകയും യാഥാർഥ്യം മനസ്സിലാക്കാതെ പ്രതികരിക്കുകയും ചെയ്തവരാണ് കബളിപ്പിക്കപ്പെട്ടത്.തട്ടിപ്പുകാര്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ആളുകളെ കബളിപ്പിക്കാൻ നൂതനമായ വഴികൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ബാങ്കിന്റെയും പൊലീസിന്റെയും പേരി ല്‍ ഇത്തരം തട്ടിപ്പുകാര്‍ വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ നല്‍കരുതെന്നും പൊലീസ് ഓർമിപ്പിച്ചു.
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വെബ്സൈറ്റുകളുടെ ലിങ്കുകള്‍ വഴി വ്യാജ ഓഫര്‍ നല്‍കിയും ആളുകളെ കബളിപ്പിക്കുന്നുണ്ട്. സ്വകാര്യ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനും ഫീസ് അടക്കാനും ആവശ്യപ്പെടുന്ന തട്ടിപ്പിനെതിരെ കരുതിയിരിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.