ഗസ്സയിൽ നിന്ന് പരിക്കേറ്റവരും കാൻസർ ബാധിതരുമായ കൂടുതൽ പേരെ ചികിൽസക്കായി അബൂദബിയിൽ എത്തിച്ചു. യു.എ.ഇ ആവിഷ്‌കരിച്ച ജീവകാരുണ്യ പദ്ധതിക്കു കീഴിൽ രാജ്യത്തേക്ക് കൊണ്ടുവരുന്ന പതിനെട്ടാമത് സംഘമാണിത്. പ്രതികൂല സാഹചര്യത്തിലും ഗസ്സയിൽ യു.എ.ഇയുടെ ഫീൽഡ് ആശുപത്രിയും സജീവമാണ്.
യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ പ്രഖ്യാപിച്ച 1,000 പരിക്കേറ്റവർക്കും 1,000കാൻസർ രോഗികൾക്കും ചികിൽസ ലഭ്യമാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പുതിയ സംഘത്തെ എത്തിച്ചത്. ഈജിപ്തിലെ അൽ ആരിഷ് വിമാനത്താവളം വഴിയാണ് അടിയന്തിര ചികിൽസ ആവശ്യമുള്ളവരും കുടുംബാംഗങ്ങളും അടക്കമുള്ളവരെ അബൂദബിയിൽ കൊണ്ടുവന്നത്. അബൂദബിയിലെത്തിയ അടിയന്തിര ചികിൽസ ആവശ്യമുള്ള രോഗികളെ ഉടൻ ആശുപത്രിയിലേക്കും മറ്റുള്ളവരെ എമിറേറ്റ്‌സ് ഹ്യുമാനിറ്റേറിയൻ സിറ്റിയിലേക്കും മാറ്റി.
ഗസ്സയിൽ യുദ്ധം ആരംഭിച്ചത് മുതൽ വിവിധ ജീവകാരുണ്യ സംരംഭങ്ങൾ യു.എ.ഇയുടെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്. ഫീൽഡ് ആശുപത്രി സ്ഥാപിച്ച് ചികിൽസ നൽകുന്നതിന് പുറമെയാണ് അബൂദബിയിൽ എത്തിച്ചുള്ള ചികിൽസാ പദ്ധതിയും. ഗസ്സയിൽ ദുരിതമനുഭവിക്കുന്നവർക്ക് നിരവധി തവണകളിലായിഭക്ഷണം അടക്കമുള്ള സഹായങ്ങളും യു.എ.ഇ കൈമാറി വരുന്നു.