Kerala

ശബരി റെയില്‍ പാത നടപ്പാക്കുമെന്ന് കച്ചകെട്ടി സര്‍ക്കാര്‍;  പദ്ധതി ഫ്രീസറിൽ വെച്ച് റെയിൽവേ, പാത കൊണ്ടുവരുന്നതില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് സംസ്ഥാന റെയില്‍വേ മന്ത്രി-Kerala government has decided to implement the Sabari rail project, is it Railway intrested?

ട്രെയിന്‍ യാത്രക്കാരുടെ പരാതികള്‍ കേള്‍ക്കാന്‍ അദാലത്ത് മാതൃകയില്‍ മേഖലാ യോഗങ്ങള്‍

രണ്ടു പതിറ്റാണ്ടിലേറെയായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന അങ്കമാലി -എരുമേലി ശബരി റെയില്‍ പദ്ധതി യാതൊരു വിട്ട് വീഴ്ച്ചയുമില്ലാതെ നടപ്പാക്കുമെന്ന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുടെ 50 ശതമാനം സംസ്ഥാനം വഹിക്കണമെന്ന് നിബന്ധനയിലാണ് ശബരി റെയില്‍ പാതയുടെ തുടര്‍ നടപടികള്‍ തടസപ്പെട്ടിരുന്നത്. എന്നാല്‍ സംസ്ഥാനം പദ്ധതിയുടെ 50 ശതമാനം തുക വഹിക്കാമെന്ന നിബന്ധന അംഗീകരിച്ചിട്ടും കേന്ദ്ര സര്‍ക്കാരും റെയില്‍വേയും മൗനത്തിലാണെന്നാണ് ആക്ഷേപം. ഒന്നാം ഘട്ടത്തിലെ മാസ്റ്റര്‍ പ്ലാനില്‍ സൂചിപ്പിച്ചിരിക്കുന്ന പദ്ധതി തിരുവനന്തപുരം വരെ നീട്ടുന്നതിനുളള തീരുമാനവും റെയില്‍വേ മരവിപ്പിച്ചിരിക്കുകയാണ്. ഇതും സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. ശബരി റെയില്‍ പാതയും പദ്ധതിയും യാതൊരു വീഴ്ചയുമില്ലെന്ന് നടപ്പാക്കാനുള്ള തീരുമാനമാണ് സംസ്ഥാനം കൈക്കൊളളുന്നതെന്ന് റെയില്‍വേ മന്ത്രി വി.അബ്ദുറഹിമാന്‍ നിയമസഭയില്‍ അറിയിച്ചു. 1997-98 വര്‍ഷത്തെ റെയില്‍വേ ബജറ്റാണ് 110 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അങ്കമാലി- എരുമേലി ശബരി റെയില്‍പദ്ധതി ആദ്യമായി നിര്‍ദേശിക്കപ്പെടുന്നത്. പ്രഗതി പദ്ധതിയിലുള്‍പ്പെട്ട പൂര്‍ണ ചെലവും റയില്‍വേ വഹിക്കുമെന്നായിരുന്നു തുടക്കത്തില്‍ പറഞ്ഞിരുന്നത്. ഇതിന്റെ ഭാഗമായി അങ്കമാലി മുതല്‍ കാലടി വരെയുള്ള പ്രവ്യത്തി റയില്‍വേ പൂര്‍ത്തിയാക്കിയെങ്കിലും കമ്മിഷന്‍ ചെയ്തില്ല. പദ്ധതി ലാഭകരമല്ലെന്ന കാരണത്താല്‍ തുടര്‍നടപടി റയില്‍വേ നിര്‍ത്തിവെച്ചു.

 

പദ്ധതി പുനരുജീവിപ്പിക്കാനായി 50 ശതമാനം തുക സംസ്ഥാനം വഹിക്കണമെന്ന നിര്‍ദേശം റയില്‍വേ മുന്നോട്ട് വെച്ചു. ഇതിനുള്ള സന്നദ്ധത സംസ്ഥാനം അറിയിച്ചെങ്കിലും പദ്ധതി നിര്‍ത്തിവെക്കാനായിരുന്നു റെയില്‍വേയുടെ നിര്‍ദേശം. പിന്നീട് എസ്റ്റിമേറ്റ് പുതുക്കി സമര്‍പ്പിക്കുന്നതിനും ഡിപിആര്‍ തയ്യാറാക്കുന്നതിനും റെയില്‍വേബോര്‍ഡ് കെ റെയിലിനോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ലിഡാര്‍ സര്‍വേ പൂര്‍ത്തിയാക്കി എസ്റ്റിമേറ്റ് പുതുക്കി റയില്‍വേയ്ക്ക് സമര്‍പ്പിച്ചു. നിലവില്‍ പദ്ധതി മരവിപ്പിച്ചതിനാല്‍ പുരോഗതിയൊന്നുമില്ല. പദ്ധതി പുനരാരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പുതുക്കിയ എസ്റ്റിമേറ്റ് തുക 3811 കോടി രൂപയുടെ 50 ശതമാനം ചെലവ് പങ്കിടുന്നത് സര്‍ക്കാര്‍ പരിഗണനയിലാണ്. പദ്ധതി പുനരുജീവിപ്പിക്കണമെന്നും കെആര്‍ഡിസിഎന്‍ തയ്യാറാക്കിയ പുതുക്കിയ ഡിപിആറിനും എസ്റ്റിമേറ്റിനും അംഗീകാരം നല്കണമെന്നും സംസ്ഥാനം കേന്ദ്രറെയില്‍മന്ത്രിയോട് പലതവണ ആവശ്യപ്പെട്ടു. എംപിമാരുടെ സമ്മേളനത്തിലും ഇക്കാര്യം പറഞ്ഞ് സമ്മര്‍ദം ചെലുത്തുന്നുണ്ട്.മലബാറിലെ യാത്രാപ്രശ്‌നവുമായി ബന്ധപ്പെട്ട് ദക്ഷിണ റയില്‍വേ ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ച അനുകൂലമായിരുന്നു.

ശബരി റെയില്‍ പദ്ധതി

അങ്കമാലിയില്‍ നിന്ന് എരുമേലി, പുനലൂര്‍ വഴി തിരുവനന്തപുരത്തേയ്ക്ക് പോകുന്ന റെയില്‍പാതയുടെ ഒന്നാം ഘട്ടമാണ് 111 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള അങ്കമാലി- എരുമേലി ശബരി റെയില്‍വേ പദ്ധതി. പദ്ധതി പൂര്‍ണമായും പൂര്‍ത്തിയായാല്‍ എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ അഞ്ച് ജില്ലകളിലെ ഇരുപതിലധികം പട്ടണങ്ങള്‍ക്ക് റെയില്‍വേ കണക്റ്റിവിറ്റി ലഭ്യമാകും. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലൂടെ കടന്നുപോകുന്നതാണ് ആദ്യഘട്ടത്തിലെ പദ്ധതി. അങ്കമാലി- എരുമേലി റെയില്‍ പദ്ധതിയുടെ എസ്റ്റിമേറ്റ് തുക അന്ന് 550 കോടി രൂപയായിരുന്നു. അഴുത വരെ നിശ്ചയിച്ചിരുന്ന പദ്ധതി പെരിയാര്‍ ടൈഗര്‍ റിസര്‍വിലൂടെ കടന്നുപോകേണ്ടതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം അഞ്ച് കിലോമീറ്റര്‍ കുറച്ച് പാത എരുമേലി വരെയാക്കി. ശബരിമല തീര്‍ഥാടകര്‍ക്ക് യാത്രാ സൗകര്യമൊരുക്കുന്നതിനൊപ്പം അഞ്ച് ജില്ലകളിലെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിക്ക് അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരിന്റെ കാലത്താണ് അംഗീകാരം ലഭിക്കുന്നത്. പദ്ധതിക്കായി 350 കോടിരൂപ റെയില്‍വേ ബജറ്റില്‍ വകയിരുത്തുകയും ചെയ്തു. 1996-ല്‍ അങ്കമാലി-എരുമേലി പാതയുടെ പ്രാഥമിക സര്‍വേ നടന്നു. 1997-ല്‍ പദ്ധതിക്ക് റെയില്‍വേ അനുമതി നല്‍കി. പിന്നാലെ നിര്‍മാണം പ്രവര്‍ത്തനം തുടങ്ങി.

അങ്കമാലി മുതല്‍ കാലടി വരെ റെയില്‍ പാതയും ഒരു പാലവും കാലടിയില്‍ സ്റ്റേഷനും നിര്‍മിച്ചു. പെരിയാറിന് കുറുകെയാണ് ഒരു കിലോമീറ്റര്‍ നീളമുള്ള പാലം നിര്‍മിച്ചത്. 2002-ല്‍ അങ്കമാലി മുതല്‍ രാമപുരം വരെയുള്ള 70 കിലോമീറ്ററിന്റെ സര്‍വേ പൂര്‍ത്തിയാക്കി. രാമപുരം വരെ സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചെങ്കിലും ഇതിനിടയില്‍ സ്ഥലമേറ്റെടുപ്പിനെതിരെ ചിലര്‍ കോടതിയെ സമീപിച്ചു. അലൈന്‍മെന്റില്‍ മാറ്റംവരുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. നാട്ടുകാര്‍ എതിര്‍ത്തതോടെ കോട്ടയം ജില്ലയിലെ സര്‍വേ 2007-ല്‍ നിര്‍ത്തി. പദ്ധതി പിന്നീട് മുന്നോട്ടുപോയില്ല. സ്ഥലമെടുപ്പില്‍ ശക്തിയായ എതിര്‍പ്പുണ്ടായതിനേത്തുര്‍ന്നാണ് പദ്ധതി നിര്‍ത്തിവെയ്ക്കുന്നത്. പദ്ധതി വൈകിയതോടെ ചെലവ് കൂടി. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടക്കുന്ന ഘട്ടത്തില്‍ നിര്‍മാണച്ചെലവ് മുഴുവന്‍ വഹിക്കാനാവില്ലെന്ന് റെയില്‍വേ നിലപാട് എടുത്തു. പദ്ധതിച്ചെലവിന്റെ പകുതി സംസ്ഥാനസര്‍ക്കാര്‍ വഹിക്കണമെന്നായിരുന്നു റെയില്‍വേയുടെ നിലപാട്. ഇതിനോട് ആദ്യം സംസ്ഥാന സര്‍ക്കാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. പിന്നീട് ചെലവിന്റെ പകുതി സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്ന നിബന്ധന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അംഗീകരിച്ചു. പക്ഷേ, തുടര്‍നടപടിയുമായി മുന്നോട്ടുപോയില്ല.

യാത്രാക്ലേശത്തിന് പരിഹാരം

അതിനിടെ, പരശുറാം എക്‌സ്പ്രസില്‍ രണ്ട് അധിക കോച്ച് അനുവദിച്ചതോടൊപ്പം കൂടുതല്‍ മെമു സര്‍വീസിനുള്ള സാധ്യത കേരളത്തിലെ രണ്ടു ഡിവിഷനുകളിലും പരിശോധിക്കുന്നുണ്ട്. ആഘോഷ അവധി വേളകളില്‍ തിരക്കുള്ള റൂട്ടില്‍ പ്രത്യേക സര്‍വീസുകള്‍ അനുവദിക്കുന്നതില്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് റെയില്‍വേ വ്യത്തങ്ങള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനം സീസണല്‍ കലണ്ടറുകള്‍ തയ്യാറാക്കി ഈ മാസം തന്നെ റെയില്‍വേയ്ക്ക് നലകും. രണ്ടാം വന്ദേഭാരതില്‍ 16 കോച്ചുകളായി വര്‍ധിപ്പിക്കും. വന്ദേഭാരതിന്റെ സമയനിഷ്ഠ പാലിക്കാന്‍ മറ്റ് ട്രെയിനുകള്‍ പിടിച്ചിടുന്നതില്‍ ഒഴിവാക്കുന്നതിലും റെയില്‍വേയ്ക്ക അനുകൂല നിലപാടാണ്. ഷൊര്‍ണൂര്‍ – കണ്ണൂര്‍ പാസഞ്ചര്‍ കാസര്‍ഗോഡേക്ക് നീട്ടും. യാത്രക്കാരുടെ പരാതികള്‍ കേള്‍ക്കാന്‍ അദാലത്ത് മാതൃകയില്‍ കോഴിക്കോട് – എറണാകുളം – തിരുവനന്തപുരം മേഖലാ യോഗങ്ങള്‍ ചേരും. ആദ്യയോഗം അടുത്തമാസമുണ്ടാകും. രണ്ടുതവണ ചര്‍ച്ച നടത്തിയിട്ടും റയില്‍വേ വികസനവുമായി സഹകരിക്കാന്‍ കര്‍ണാടക തയ്യാറായില്ല. വനമേഖലയും ജനനിബിഡപ്രദേശവുമെന്ന കാരണവുമാണ് അവര്‍ ഉന്നയിക്കുന്നത്. ഇക്കാര്യം രാഹുല്‍ഗാന്ധിയുമായി സംസാരിച്ചപ്പോള്‍ അനുകൂല നിലപാടാണ് എടുത്തത് പാര്‍ലമെന്റില്‍ സംസാരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കിയതായും സംസ്ഥാന റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിയമസഭയില്‍ അറിയിച്ചു.