കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഭിന്നശേഷി വിഭാഗത്തിലെ എല്ലാവരെയും സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനും യാതൊരുവിധത്തിലുമുള്ള വേര്‍തിരിവില്ലാതെ തുല്യ പങ്കാളിത്തവും അവസരവും ലഭ്യമാക്കാന്‍ ഉതകുന്ന പദ്ധതികളും പരിപാടികളും ആവിഷ്‌കരിച്ച് നടപ്പിലാക്കുക എന്ന പദ്ധതികളുമായി നഗരസഭ. ഇത്തരത്തിലുള്ള നിരവധി ഇടപെടലുകള്‍ നടത്തിയതിന്റെ ഫലമായി കേരളത്തിലെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ തദ്ദേശസ്ഥാപനത്തിനുള്ള അംഗീകാരം തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ കൃത്യമായ സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ ഓരോരുത്തരും നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ് എന്ന് തിരിച്ചറിഞ്ഞ്, അതിന് ഹ്രസ്വകാല- ദീര്‍ഘകാല അടിസ്ഥാനത്തില്‍ പ്രായോഗികപരിഹാരം കാണുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്.
കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 21 പേര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയറും, 14 വീല്‍ചെയറും, 77 സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകളും, 53 പേര്‍ക്ക് കോക്ലിയര്‍ ഇമ്പ്‌ലാന്റേഷനും, 9 പേര്‍ക്ക് ഹിയറിങ്ങ് എയ്ഡും വിതരണവും നടത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. നമ്മുടെ നഗരത്തിലെ എല്ലാ ഭിന്നശേഷിക്കാരും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തുകയും മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ പ്രാപ്തരാവുകയും ചെയ്യട്ടെ എന്നും ആശംസിക്കുന്നു. തലസ്ഥാനനഗരം സ്മാര്‍ട്ടാകുമ്പോള്‍ സ്മാര്‍ട്ടാകാത്തതായി ആരുമുണ്ടാകരുത് എന്നതാവണം നമ്മുടെ ലക്ഷ്യം. എല്ലാവരെയും ചേര്‍ത്ത് പിടിച്ച് നമ്മള്‍ നമ്മുടെ നഗരത്തെ ലോകോത്തരമാക്കാനുള്ള പദ്ധതിയുമായാണ് നഗരസഭ മുന്നോട്ട് പോകുന്നത്.
















