ടാക്സി പെർമിറ്റില്ലാതെ യാത്രക്കാരെ കൊണ്ടുപോയ 1100 ഡ്രൈവർമാർ പിടിയിലായി. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും സഹകരണത്തോടെ കഴിഞ്ഞ മാസം ഗതാഗത അതോറിറ്റി സൂപ്പർവൈസറി സംഘം നടത്തിയ പരിശോധനയിലാണ് ഇത്രയും പേരെ പിടികൂടിയത്. വിമാനത്താവളങ്ങളിലേക്കും തിരിച്ചും യാത്രാസൗകര്യമൊരുക്കുന്ന അനധികൃത ടാക്സികൾക്കെതിരെ നടപടി ശക്തമാക്കിയിരിക്കുകയാണ്.
രാജ്യത്തെത്തുകയും തിരിച്ചുപോവുകയും ചെയ്യുന്ന എല്ലാ യാത്രക്കാർക്കും സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ ഗതാഗത സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് നടപടി. രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലും ലൈസൻസില്ലാതെ ഗതാഗത സേവനങ്ങൾ ഒരുക്കുന്നവരെ നിരീക്ഷിച്ചുവരുകയാണ്. ഇങ്ങനെ പിടിയിലാകുന്ന നിയമലംഘകർക്ക് 5,000 റിയാലാണ് പിഴ. മാത്രമല്ല വാഹനം കണ്ടുകെട്ടുകയും അതിനുണ്ടാകുന്ന ചെലവ് കൂടി നിയമലംഘകർ വഹിക്കേണ്ടിയും വരും.