Kerala

പീഡന കേസിൽ പ്രതി, മനു കഴിഞ്ഞ 10 വർഷമായി കെ.സി.എയിൽ കോച്ച്, മനുഷ്യാവകാശ കമ്മിഷൻ വിശദീകരണം തേടി

ഒന്നരവര്‍ഷം മുന്‍പ് ഇയാള്‍ക്കെതിരേ ഒരു പെണ്‍കുട്ടി പീഡനപരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രതി അറസ്റ്റിലാവുകയും ഈ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിശീലകന്‍ മനു പീഡിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്ത് കേരള ക്രിക്കറ്റ് അസോസിയേഷന് നോട്ടീസയച്ചു. ഇത്തരം ഒരു സംഭവം ഉണ്ടാകാനിടയായ സാഹചര്യം കെ.സി.എ. വിശദീകരിക്കണമെന്ന് നോട്ടീൽ ആവശ്യപ്പെട്ടിട്ടുണ്ട്.കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ) തിരുവനന്തപുരത്തെ പരിശീലകനായിരുന്നു മനു.

മുൻപും മനുവിനെതിരെ പീഡനപരതി ഉണ്ടായിട്ടുണ്ട്. അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ നേരിട്ടിട്ടുണ്ട്. തെങ്കാശിയിൽ കൊണ്ടുപോയി കുട്ടികളെ പീഡിപ്പിച്ചെന്നാണ് പരാതി. ഇയാൾ പോക്സോ കേസിൽ റിമാന്‍ഡിലാണ്‌. കുട്ടികളുടെ നഗ്നചിത്രം ഇയാൾ പകർത്തിയെന്നും ആരോപണമുണ്ട്. പ്രതീക്ഷയോടെ ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന കുട്ടികളെയാണ് ഇയാൾ പീഡിപ്പിക്കുന്നത്. കുട്ടികളും രക്ഷിതാക്കളും സംഭവത്തിന് ശേഷം മാനസിക സമ്മർദ്ദത്തിലാണ്.

എന്നാൽ ഇതൊന്നും കെ.സി.എ. അറിഞ്ഞില്ലെന്നാണ് പറയുന്നത്. ഒരു പെൺകുട്ടി പരാതിയുമായി വന്നതോടെ കൂടുതൽ കുട്ടികൾ പരാതി നൽകുകയായിരുന്നു. ദ്യശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷന്‍ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ മനുഷ്യാവകാശ കമ്മിഷന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ പത്തുവര്‍ഷത്തോളമായി തിരുവനന്തപുരത്തെ ക്രിക്കറ്റ് പരിശീലകനാണ് മനു. ഒന്നരവര്‍ഷം മുന്‍പ് ഇയാള്‍ക്കെതിരേ ഒരു പെണ്‍കുട്ടി പീഡനപരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രതി അറസ്റ്റിലാവുകയും ഈ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയുംചെയ്തു. എന്നാല്‍, പരാതിക്കാരി പിന്നീട് മൊഴിമാറ്റിയതോടെ മനു കേസില്‍ കുറ്റവിമുക്തനായി. ഈ സംഭവത്തിന് ശേഷവും പ്രതി തിരുവനന്തപുരത്ത് ക്രിക്കറ്റ് അസോസിയേഷന്റെ പരിശീലകനായി ജോലിയില്‍ തുടരുകയായിരുന്നു.