കണ്ണൂരിലെ സിപിഎമ്മിനെതിരെയും എസ്എഫ്‌ഐക്കെതിരെയും രംഗത്ത് വന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് മറുപടയുമായി ഡിവൈഎഫ്‌ഐ. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് ഇരുന്നുകൊണ്ട് പറയേണ്ടതാണോ പറഞ്ഞതെന്ന് ബിനോയ് വിശ്വം ആത്മ പരിശോധന നടത്തണമെന്നും, വിമര്‍ശനങ്ങള്‍ വസ്തുതാപരവും ക്രിയാത്മകവും ആയിരിക്കണമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ സെക്രട്ടറി കെ എ റഹീം എംപി പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് എ.എ. റഹീം ഇക്കാര്യം പറഞ്ഞത്. ആദ്യമായി അല്ല സിപിഐ ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. എന്നാല്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ ക്രിയാത്മകവും പ്രസ്താവനവും ആയിരിക്കണം. ഇടതുപക്ഷ ഐക്യത്തെ തകര്‍ക്കുന്ന ഒരു ഏറ്റുമുട്ടലിലേക്ക് പോകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നും റഹീം പറഞ്ഞു. ഇടതുപക്ഷ ഐക്യത്തിന്റെ പ്രസക്തി സിപിഐ സെക്രട്ടറി മനസ്സിലാക്കണം. ശക്തമായ മറുപടി പറയാന്‍ ഡിവൈഎഫ്ഐക്ക് അറിയാമെന്നും ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന ഏറ്റുമുട്ടലിലേക്ക് പോകാന്‍ ഡിവൈഎഫ്ഐ ആഗ്രഹിക്കുന്നില്ല. റഹിം വ്യക്തമാക്കി.
ബിനോയ് വിശ്വം ഇരിക്കുന്ന പദവിക്ക് യോജിച്ചതാണോ പ്രസ്താവനയെന്ന് അദ്ദേഹം തന്നെ ആത്മപരിശോധന നടത്തണം. ബിനോയ് വിശ്വത്തിന് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തെ ജനാധിപത്യ ബോധത്തോടെ കാണുന്നു. എന്നാല്‍ പ്രസ്താവന വസ്തുതാപരമാണോയെന്ന് പരിശോധിക്കണം. ബിനോയ് വിശ്വത്തെ തിരുത്തുക എന്നതിനുപരി, ഇടതുപക്ഷ ഐക്യത്തിനാണ് ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്നത് എന്നതാണ് ഡിവൈഎഫ്ഐയുടെ നിലപാട് എന്നും റഹീം പറഞ്ഞു. രാജ്യത്ത് നീറ്റ്- നെറ്റ് കുംഭകോണങ്ങള്‍ പുറത്തു വന്നതോടെ രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആശങ്ക ഉയരുകയാണ്. നീറ്റ് കൗണ്‍സലിങും മാറ്റിവെച്ചു. കേന്ദ്രമന്ത്രാലയങ്ങള്‍ നിരുത്തരവാദപരമായാണ് വിഷയം കൈകാര്യം ചെയ്യുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ കുറ്റകരമായ അലംഭാവമാണ് വെച്ചു പുലര്‍ത്തുന്നത്. ജൂണ്‍ മാസത്തില്‍ പൂര്‍ത്തിയാക്കേണ്ട നീറ്റ് പിജി പരീക്ഷയാണ് ഓഗസ്റ്റ് മാസത്തിലേക്ക് മാറ്റിയത്. ഇതു വിദ്യാര്‍ത്ഥികളുടെ അക്കാദമിക് ഇയറിനെ ബാധിക്കും. ഇതു പരിഹരിക്കാനാകാത്ത അലംഭാവമാണ്. അനിശ്ചിതത്വങ്ങളുടെ പൊരിവെയിലത്ത് വിദ്യാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രത്തിന്റെ ഈ അനാസ്ഥയ്ക്കെതിരെ ഡിവൈഎഫ്ഐ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഎ റഹിം പറഞ്ഞു. കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെയാണ് ബിനോയ് വിശ്വം എസ്എഫ്ഐയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ത്ഥവും ആദര്‍ശവും അറിയില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രസ്താവന. എസ്എഫ്ഐയുടേത് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശൈലിയല്ല. എസ്എഫ്ഐ ശൈലി തിരുത്തിയേ മതിയാകൂ. സംഘടനയിലുള്ളവര്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ചരിത്രം വായിക്കണം. അവരെ ചരിത്രം പഠിപ്പിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് റഹീം വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്.