സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി വ്യാപിച്ചിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. പക്ഷിപ്പനി സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ടിലാണ് ആലപ്പുഴയില്‍ ആശങ്കാജനകമായി പക്ഷിപ്പനി വ്യാപിക്കുന്നതായി സൂചന ഉള്ളത്. സര്‍ക്കാര്‍ കൃത്യവും കാര്യക്ഷമമായ നടപടികളുമായി മുന്നോട്ടു പോകുമ്പോഴും ആലപ്പുഴ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പക്ഷിപ്പനി കൂടി വരുന്നു. കുട്ടനാട്ടിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടങ്ങളിലെ നിരവധി താറാവ് കുഞ്ഞുങ്ങളില്‍ പക്ഷിപ്പനി ബാധിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. വിദഗ്ധ സംഘം സമര്‍പ്പിച്ച പഠനറിപ്പോര്‍ട്ട് നാളെ നിയമസഭയില്‍ വയ്ക്കുമെന്നും അതിനു ശേഷം വാര്‍ത്താസമ്മേളനം നടത്തുമെന്നും മൃഗസംരണക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ മൃഗസംരക്ഷണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും ചേരും. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിനും നല്‍കി. ജില്ലയിലാകെ പക്ഷിപ്പനി വ്യാപിച്ചിട്ടുണ്ടെന്നാണു മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തല്‍. അതിനാല്‍ വലിയ തോതില്‍ കള്ളിങ് വേണ്ടി വരുമെന്നു കണക്കുകൂട്ടി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മുന്നൊരുക്കം നടത്തിയിരുന്നു. വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാകും തുടര്‍നടപടികള്‍ തീരുമാനിക്കുക.
കുട്ടനാടിനു പുറമേ ചേര്‍ത്തലയിലും പക്ഷിപ്പനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണു പക്ഷിപ്പനി പടരുന്നതിനെക്കുറിച്ചു പഠിക്കാന്‍ 18 അംഗ വിദഗ്ധ സംഘത്തെ നിയോഗിച്ചത്. ഇവര്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കള്ളിങ് ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ വിലയിരുത്തിയിരുന്നു. രോഗബാധയുള്ള പക്ഷികളില്‍ നിന്നു വളര്‍ത്തുമൃഗങ്ങള്‍ വഴി രോഗം മനുഷ്യരിലേക്കു പടരാനുള്ള സാധ്യതയും പഠനവിഷയമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പക്ഷിപ്പനി പ്രഭവ കേന്ദ്രങ്ങളിലെ വളര്‍ത്തുമൃഗങ്ങളുടെ സാംപിള്‍ പരിശോധനയും നടത്തി. ജില്ലയില്‍ ഏപ്രിലിനു ശേഷം 29 സ്ഥലങ്ങളിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. അതില്‍ ഏഴും ചേന്നംപള്ളിപ്പുറം പഞ്ചായത്തിലാണ്. സംസ്ഥാനത്ത് പക്ഷിപ്പനി ഇക്കുറി നേരത്തെ റിപ്പോര്‍ട്ട് ചെയ്‌തെന്ന് കൃഷി മന്ത്രി പി.പ്രസാദും നിയമസഭയില്‍ അറിയിച്ചിരുന്നു. പക്ഷിപ്പനി മറ്റു പക്ഷികളിലേക്കും പകരുന്നതായി കണ്ടെത്തി. സംസ്ഥാനത്ത് മുന്‍പ് കോഴികളിലും താറാവുകളിലും മാത്രമായി സ്ഥിരികരിച്ച പക്ഷിപ്പനി ഇക്കഴിഞ്ഞ ജൂണില്‍ കാടക്കോഴി, കാക്ക, കൊക്ക് തുടങ്ങിയ പക്ഷികളിലും സ്ഥീരികരിച്ചു. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ആനിമല്‍ ഡിസിസസ് (എന്‍ഐഎച്ച്എസ്എഡി) ന്റെ റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്.
പക്ഷിപ്പനി രോഗം ബാധിച്ച ജില്ലകളിലെ ഉദ്യോഗസ്ഥര്‍ സമഗ്ര നീരിക്ഷണം നടത്തിവരുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ 2021ലെ എവിഎന്‍ ഇന്‍ഫ്‌ലുവന്‍സ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പ്രവര്‍ത്തനപദ്ധതി പ്രകാരമുള്ള നടപടികളാണ് വകുപ്പ് സ്വീകരിച്ചുവരുന്നത്. അത്തരം നിയന്ത്രണമാര്‍ഗങ്ങള്‍ ഫലപ്രദവുമായിരുന്നു.എന്നാല്‍ ഇത്തവണ രോഗബാധയ്ക്ക് കാരണമായത് പുതിയയിനം വൈറാസാണെന്ന് ലാബ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത്തവണ രോഗം കൂടുതലായി വ്യാപിച്ചതിനാല്‍ സര്‍വൈലന്‍സ് സോണുകളുടെ അകത്തേക്കോ പുറത്തേക്കോ പക്ഷികളെ കൊണ്ടുപോകുന്നതും സ്ലോട്ടര്‍ ചെയ്യുന്നതും പൂര്‍ണമായും നിരോധിച്ചു. കുട്ടനാട് പോലെയുള്ള പ്രദേശങ്ങളില്‍ നിയന്ത്രണമാര്‍ഗങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. കേരളത്തില്‍ ഇതുവരെ മനുഷ്യരിലോ സസ്തനികളിലോ പക്ഷിപ്പനി സ്ഥീരികരിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ മാസം പശ്ചിമബംഗാളില്‍ നാലുവയസുകാരനില്‍ ഇത് സ്ഥീരികരിച്ചതായി ലോകാരോഗ്യസംഘടന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആനിമല്‍ ഡിസീസിനെ ദേശീയനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അംഗീകരിച്ചാല്‍ കൂടുതല്‍ കാര്യക്ഷമമായി പരിശോധനാഫലങ്ങള്‍ സംസ്ഥാനത്തിന് ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.പക്ഷിപ്പനി സംബന്ധിച്ച് വിദഗ്ധ സമിതി നടത്തിയ പഠനറിപ്പോര്‍ട്ട് രണ്ടുദിവസത്തിനകം സമര്‍പ്പിക്കുമെന്നും പക്ഷിപ്പനിമൂലം പക്ഷികളെ കൊന്നൊടുക്കിയ കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം 2023 വരെയുള്ളത് കൊടുത്തുതീര്‍ത്തതായും മന്ത്രി നിയമസഭയില്‍ പറഞ്ഞു.