ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ രണ്ടാമത് ബദാം ഫെസ്റ്റിവലിന് തുടക്കമായി. മുനിസിപ്പൽ, കാർഷിക മന്ത്രാലയത്തിലെ കാർഷിക, മൃഗ സമ്പദ് വിഭാഗം അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് അഹ്മദ് ഹസൻ ഉദ്ഘാടനം നിർവഹിച്ചു. മൂന്ന് ദിവസം നീളുന്ന ഫെസ്റ്റിവലിന്റെ ആദ്യ ദിവസം തന്നെ സ്വദേശികളും പ്രവാസികളുമായ നിരവധി പേരാണ് ഇവിടം സന്ദർശിക്കാനെത്തിയത്. അറബ് ദേശത്തെ പരമ്പരാഗത ഉൽപന്നമാണ് ബദാം.
തദ്ദേശീയമായ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും കർഷകർക്ക് പ്രോത്സാഹനം നൽകുന്നതിനുമാണ് ഇത്തരമൊരു ഫെസ്റ്റിവൽ സംഘടിപ്പിച്ചതെന്ന് ഡോ. ഖാലിദ് അഹ്മദ് ഹസൻ വ്യക്തമാക്കി. കാർഷിക വിളകളിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിനും ഇത് പ്രേരകമാകുമെന്ന് കരുതുന്നതായി അസി. അണ്ടർ സെക്രട്ടറി മുഹമ്മദ് മിർസ ഹസൻ അൽ ഉറൈബി വ്യക്തമാക്കി.
13 ബദാം കർഷകർ, നാല് പ്രൊഡക്റ്റീവ് ഫാമിലികൾ, അഞ്ച് നഴ്സറികൾ തുടങ്ങിയവയാണ് പങ്കാളികളാകുന്നത്. ഞായർവരെയാണ് ഫെസ്റ്റിവൽ. ബദാം ഉൽപന്നങ്ങളുടെയും തൈകളുടെയും പ്രദർശനമുണ്ട്. കുടുംബങ്ങളും കുട്ടികൾക്കുമായി വിവിധ വിനോദ പരിപാടികളും നടന്നു. വൈകീട്ട് 4 മുതൽ രാത്രി 8 വരെയാണ് പ്രവേശനം.