കോഴിക്കോട്: തിരുവമ്പാടിയിൽ സെക്ഷൻ ഓഫീസ് ആക്രമണത്തിന് പിന്നാലെ പ്രതിയുടെ വീട്ടിലെ കണക്ഷൻ വിച്ഛേദിച്ച സംഭവം വിവാദമായതിന് പിന്നാലെ സർക്കാർ നിർദ്ദേശപ്രകാരം ഇടപെട്ട് കളക്ടർ. വിഷയം പ്രതി അജ്മലിന്റെ പിതാവ് റസാഖുമായും വീട്ടുകാരുമായി ചർച്ച ചെയ്യാൻ കളക്ടർ താമരശ്ശേരി തഹസിൽദാരെ ചുമതലപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി തഹസിൽദാർ കെഎസ്ഇബി ഉദ്യോഗസ്ഥരുമായും റസാഖിന്റെ കുടുംബവുമായും ചർച്ച നടത്തി. ഇനി പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് സത്യവാങ്മൂലം നൽകണമെന്ന് തഹസീൽദാർ നിർദ്ദേശിച്ചു. എന്നാൽ സത്യവാങ്മൂലത്തിൽ ഒപ്പ് വെക്കാൻ റസാക്കും കുടുംബവും തയ്യാറായില്ല. മക്കൾ ചെയ്ത അക്രമത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നതടക്കമുള്ള പരാമർശങ്ങൾ ഉൾപ്പെട്ടതായിരുന്നു സത്യവാങ്മൂലം.
ജീവനക്കാരെ ആക്രമിക്കില്ല എന്ന ഉറപ്പ് വാങ്ങാൻ ഉദ്യോഗസ്ഥരെ അയക്കണെമെന്ന് കലക്ടർക്ക് കെഎസ്ഇബി ചെയർമാൻ നൽകിയ നിർദേശത്തിലായിരുന്നു നടപടി. ഉറപ്പ് ലഭിച്ചാൽ വൈദ്യുതി പുനഃസ്ഥാപിക്കുമെന്നും ചെയർമാൻ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിരുന്നു.
ആക്രമിച്ചയാളുടെ പിതാവിന്‍റെ പേരിൽ 11 വൈദ്യുതി കണക്ഷനുകളാണ് ഉള്ളതെന്നും സ്ഥിരമായി വൈദ്യുതി ബിൽ അടയ്ക്കാതിരിക്കുന്ന സാഹചര്യത്തിൽ ഡിസ്കണക്റ്റ് ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരുമായി പലപ്പോഴും വാക്കുതർക്കവും ഭീഷണിയും പതിവാണെന്നും ചെയർമാൻ വിവരിച്ചു. ഇപ്പോൾ നടത്തിയ ആക്രമണത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുകയും ഇവരിൽ നിന്നും കെ എസ് ഇ ബിക്കുണ്ടായ നാശനഷ്ടങ്ങൾ മുഴുവന്‍ ഈടാക്കുമെന്നും ചെയർമാൻ വ്യക്തമാക്കുന്നു.
യു.സി. അജ്മൽ ഉള്ളാട്ടിൽ എന്ന യുവാവിന്റെ വീട്ടിലെ കണക്ഷനാണ് കെ എസ് ഇ ബി വിഛേദിച്ചത്. കെ.എസ്.ഇ ബി . സി എം ഡി യുടെ നിർദ്ദേശ പ്രകാരമാണ് കണക്ഷൻ വിഛേദിച്ചതെന്നാണ് വാർത്തകൾ. അജ്മലിന്റെ വീട്ടിലുള്ള ബിൽ ഓൺലൈനായി അടച്ചങ്കിലും കണക്ഷൻ വിഛേദിച്ചെന്നാണ് പരാതി. ഇതിന്റെ പേരിലാണ് യുവാവും ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായത്.