കൊണ്ടോട്ടി: കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിനു മുന്നില്‍ ഓട്ടോറിക്ഷയിലെത്തി വടിവാള്‍ വീശി ഭീഷണിയുയര്‍ത്തിയ യുവാവിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പുളിക്കല്‍ വലിയപറമ്പ് സ്വദേശി മലയില്‍ ഷംസുദ്ദീന്‍ (27) ആണ് അറസ്റ്റിലായത്.
സംഭവശേഷം പൊള്ളാച്ചിയിലേക്ക് കടന്ന യുവാവ് ഞായറാഴ്ച ഐക്കരപ്പടിക്കടുത്ത് സിയാംകണ്ടത്തെ ബന്ധുവീട്ടിലുണ്ടെന്നറിഞ്ഞെത്തിയ പൊലീസ് സംഘം പിടികൂടുകയായിരുന്നു. ഇയാള്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷയും വടിവാളും കസ്റ്റഡിയിലെടുത്തു.
പൊതുസ്ഥലത്ത് ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിനും ഭീകരാന്തരീക്ഷ സൃഷ്ടിച്ചതിനും മാര്‍ഗ തടസ്സമുണ്ടാക്കിയതിനുമാണ് ഇയാള്‍ക്കെതിരെ കേസ്. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് കൊണ്ടോട്ടി ഇന്‍സ്‌പെക്ടര്‍ എ. ദീപകുമാര്‍ അറിയിച്ചു. സംഭവ ദിവസം മദ്യപിച്ചിരുന്നെന്നും വീട്ടിലുണ്ടായിരുന്ന കൊടുവാള്‍ മൂര്‍ഛ കൂട്ടാന്‍ ഓട്ടോറിക്ഷയില്‍ കൊണ്ടുപോകുമ്പോള്‍ മുന്നിലുണ്ടായിരുന്ന സ്വകാര്യ ബസ് മാര്‍ഗ തടസമുണ്ടാക്കുകയും മുന്നിലേക്ക് പോകാന്‍ വഴി നല്‍കാതിരിക്കുകയും ചെയ്തപ്പോള്‍ ആയുധമെടുത്ത് കാണിക്കുകയായിരുന്നെന്ന് പ്രതി പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നേരത്തെ മയക്കുമരുന്ന് കേസില്‍ പൊലീസിന്റെ പിടിയിലായി പുറത്തിറങ്ങിയതായിരുന്നു ഷംസുദ്ദീന്‍.
കൊണ്ടോട്ടി പുളിക്കലിൽ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ബസിന് നേരെയാണ് വടിവാൾ വീശിയത്. ബസ് സ്റ്റോപ്പിൽ ആളെ ഇറക്കുന്നതിന് നിർത്തിയപ്പോഴാണ് ഓട്ടോ മുന്നിൽ കയറിയത്. തുടർന്ന് സൈഡ് തരാതെ തടസമുണ്ടാക്കിയതോടെ ബസ് ഡ്രൈവർ ഹോൺ മുഴക്കി. ഇതോടെയാണ് ഓട്ടോറിക്ഷ ഡ്രൈവർ വടിവാൾ വീശിക്കാണിച്ചത്.
കൊണ്ടോട്ടി മുതൽ കൊളപ്പുറം വരെ ഏകദേശം മൂന്നു കിലോമീറ്ററോളം വടിവാൾ വീശി ഓട്ടോ മുന്നിൽ തുടർന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.