ന്യൂഡൽഹി: ദേശീയ വനിത കമീഷൻ മേധാവി രേഖ ശർമക്കെതിരായ സമൂഹമാധ്യമ പോസ്റ്റിന്‍റെ പേരിൽ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. രേഖ ശർമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 79 പ്രകാരമാണ് ഡൽഹി പൊലീസിന്‍റെ പ്രത്യേക സെൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
സമൂഹമാധ്യമങ്ങളിലൂടെയാണ് മഹുവ വനിതാ കമ്മിഷന്‍ അധ്യക്ഷയ്‌ക്കെതിരേ പരാമര്‍ശം നടത്തിയത്. കേസെടുത്തതിന് പിന്നാലെ പോലീസ് അന്വേഷണം തുടരുകയാണ്. ഡല്‍ഹി പോലീസ് പ്രത്യേകസെല്ലിലെ ഐ.എഫ്.എസ്.ഒ യൂണിറ്റ് സമൂഹമാധ്യമമായ എക്‌സില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കും.
ഉത്തർപ്രദേശിലെ ഹാഥറസിൽ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിച്ച സംഭവത്തിൽ പരിക്കേറ്റ സ്ത്രീകളെ വനിത കമീഷൻ മേധാവി സന്ദർശിക്കുന്ന വിഡിയോയിൽ മഹുവ നടത്തിയ പരാമർശമാണ് കേസിന് അടിസ്ഥാനം. വീഡിയോയില്‍ രേഖയ്ക്ക് പിന്നില്‍ നില്‍ക്കുന്ന വ്യക്തി അവര്‍ക്ക് കുടപിടിച്ചുകൊടുക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ട് രേഖാ ശർമയ്ക്ക് കുട സ്വയം ചൂടിക്കൂടായെന്ന് ഒരു എക്സ് അക്കൗണ്ട് ചോദ്യം ഉയർത്തിയത്. ഇതിന് നൽകിയ മറുപടിയാണ് വിവാദമായത്. ‘തന്‍റെ ബോസിന്‍റെ പൈജാമ താങ്ങുന്ന’ തിരക്കിലാണ് രേഖ ശർമ എന്നായിരുന്നു മഹുവയുടെ കമന്റ്.
മഹുവക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും വിശദമായ റിപ്പോർട്ട് മൂന്ന് ദിവസത്തിനകം കമീഷനെ അറിയിക്കുകയും ചെയ്യണമെന്ന് ഡൽഹി പൊലീസിനോട് ദേശീയ വനിത കമീഷൻ ആവശ്യപ്പെട്ടിരുന്നു.