India

ശിവസേന നേതാവിന്‍റെ മകൻ ഓടിച്ച ബി.എം.ഡബ്ല്യു കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം

മുംബൈ: അമിത വേ​ഗത്തിലെത്തിയ ബിഎംഡബ്ല്യു കാ‍ർ ബൈക്കിൽ ഇടിച്ച് യുവതിക്ക് ​ദാരുണാന്ത്യം. ശിവസേന ഷിൻഡെ വിഭാ​ഗം നേതാവ് രാജേഷ് ഷായുടെ മകൻ മിഹിർ ഷായാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിന് പിന്നാലെ കാർ ഉടമയായ രാജേഷ് ഷായെ പൊലീസ് അറസ്റ്റ് ചെയ്തു. വോ‍ർളിയിലെ ഷിൻഡെ വിഭാഗം പ്രദേശിക നേതാവാണ് രാജേഷ് ഷാ. മകൻ മിഹി‍ർ ഷാ നിലവിൽ ഒളിവിലാണ്.

ഇന്ന് പുലർച്ചെയായിരുന്നു അപകടം. ർത്താവ് പ്രദീപിനൊപ്പം യാത്രചെയ്ത കാവേരി നഖ്‌വ (45) ആണ് മരിച്ചത്. കാർ ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തിൽ കാവേരി നഖ്‌വ റോഡിൽ തെറിച്ച് വീണു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മിഹി‍ർ ഷാ മ​ദ്യപിച്ചാണ് വാഹനമോടിച്ചിരുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബാറിൽ നിന്ന് മദ്യപിച്ച് മടങ്ങുകയായിരുന്നു മിഹിർ ഷാ. അപകടത്തിന് പിന്നാലെ തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്. നമ്പ‍ർ പ്ലേറ്റുകളിലൊന്ന് പറിച്ചെടുത്തിട്ടുണ്ട്. കാറിലുണ്ടായിരുന്ന ഷിൻഡെ വിഭാ​ഗത്തിന്റെ സ്റ്റിക്ക‍ർ മാറ്റാനും ശ്രമം നടന്നിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കാർ തിരിച്ചറിയുകയായിരുന്നു.

സംഭവം നിർഭാഗ്യകരമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ‘നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും’ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പ്രതികരിച്ചു.