കരുനാഗപ്പള്ളി: കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
ഉച്ചയ്ക്ക് വീടിനോട് ചേർന്നുള്ള ചതുപ്പിന് സമീപത്ത് വെച്ചാണ് ഷോക്കേറ്റത്. ചതുപ്പിൽ വീണുകിടന്ന അബ്ദുൽ സലാമിനെ പിടിച്ചുയർത്താൻ ശ്രമിച്ച സഹോദരിക്കും അയൽക്കാരനും ഷോക്കേറ്റു. പ്രദേശവാസികൾ ഓടിയെത്തി മുളങ്കമ്പ് ഉപയോഗിച്ചാണ് ഇവരെ രക്ഷപ്പെടുത്തിയത്.
അബ്ദുൽസലാമിനെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. തെങ്ങോല എടുക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതി കമ്പിയിൽ ചവിട്ടിയാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്.
വൈദ്യുതി കമ്പി എങ്ങനെയാണ് പൊട്ടിവീണതെന്ന കാര്യത്തില്‍ വ്യക്തതയില്ല. കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ ഇതില്‍ വ്യക്തത വരുകയുള്ളൂ. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പോലീസും കെ.എസ്.ഇ.ബിയും തീരുമാനിച്ചിട്ടുണ്ട്.
സലാമിന്റെ മൃതദേഹം കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.