ഹരാരെ: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സിംബാബ്വെയെ തകര്‍ത്ത് ഇന്ത്യ. 100 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യന്‍ യുവനിര സ്വന്തമാക്കിയത്. നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 234 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ 18.4 ഓവറില്‍ 134 റണ്‍സിന് പുറത്തായി. അഭിഷേക് ശർമയുടെ സെഞ്ചുറിക്കരുത്തിലാണ് ഇന്ത്യന്‍ കൂറ്റന്‍ സ്കോര്‍ സ്വന്തമാക്കിയത്.
നേരത്തേ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ രണ്ടാം ഓവറിൽ തന്നെ നഷ്ടമായി. പിന്നാലെ ക്രീസില്‍ എത്തിയ ഋതുരാജ് അഭിഷേകുമായി ചേര്‍ന്ന് സ്കോര്‍ ബോഡ് ചലിപ്പിച്ചു. 47 പന്തില്‍ എട്ട് സിക്‌സും ഏഴ് ബൗണ്ടറിയും സഹിതം 100 റണ്‍സാണ് അഭിഷേക് ശര്‍മ നേടിയത്. ഋതുരാജ് ഗെയ്ക്ക്‌വാദ് 47 പന്തില്‍ ഒരു സിക്‌സും 11 ഫോറും സഹിതം 77 നേടി പുറത്താകാതെ നിന്നു. 22 പന്തില്‍ അഞ്ച് സിക്‌സും രണ്ട് ഫോറും സഹിതം 48 റണ്‍സ് നേടിയ റിങ്കു സിങ്ങായിരുന്നു ഗെയ്ക്ക്‌വാദിനൊപ്പം ക്രീസില്‍.
സിംബാബ്‌വെയ്ക്കായി ബ്ലെസ്സിങ് മുസറബനി, വെല്ലിങ്ടണ്‍ മസാകദ്‌സ എന്നിവര്‍ക്കാണ് വിക്കറ്റ്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബെ്വെ നിരയില്‍ 43 റണ്‍സ് നേടിയ വെസ്ലി മധേവെരെയ്ക്കും 33 റണ്‍സെടുത്ത ലൂക്ക് ജോംഗ് വെയ്ക്കും മാത്രമാണ് തിളങ്ങാനായത്. 26 റണ്‍സെടുത്ത ബ്രയാന്‍ ബെന്നറ്റും പിടിച്ചുനിന്നു.
മൂന്ന് വിക്കറ്റ് വീതം നേടിയ മുകേഷ്കുമാറും ആവേശ് ഖാനുമാണ് സിംബാബ്വെയെ തകര്‍ത്തത്. രവി ബിഷ്ണോയി രണ്ടു വിക്കറ്റും വാഷിംഗ്ടണ്‍ സുന്ദര്‍ ഒന്നും വിക്കറ്റും വീഴ്ത്തി.