തിരുവനന്തപുരം: തിരുവനന്തപുരം തുമ്പ നെഹ്റു ജംഗ്ഷനിലെ നാടൻ ബോംബേറ് നടത്തിയ സംഭവത്തില്‍ ഒരാൾ പിടിയിൽ. കഴക്കൂട്ടം സ്വദേശി ഷെബിനാണ് പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു.
സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. തുമ്പ നെഹ്റു ജംഗ്ഷൻ സ്വദേശികളായ അഖിൽ, വിവേക് എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ 11.45നായിരുന്നു സംഭവം. തുമ്പ പൊലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ രണ്ടുപേരും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇതിൽ അഖിൽ കാപ്പ കേസ് ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ബോംബേറിന് കാരണമെന്നാണ് സംശയിക്കുന്നത്.