കോഴിക്കോട്: തിരുവമ്പാടിയിൽ വിച്ഛേദിച്ച വൈദ്യുതി കണക്ഷൻ കെഎസ്ഇബി പുനസ്ഥാപിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അജ്മലിന്റെ പിതാവ് യുസി റസാഖിൻ്റെ വീട്ടിലെ കണക്ഷനാണ് പുനഃസ്ഥാപിച്ചത്. മകൻ കെഎസ്ഇബി ഓഫീസിൽ അതിക്രമം കാണിച്ചതാണ് റസാഖിൻ്റെ കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചത്.
30 മണിക്കൂറിലേറെ സമയം റസാഖിനെയും കുടുംബത്തിനെയും ഇരുട്ടിലാക്കിയ ശേഷമാണ് കളക്ടറുടെ നിർദേശപ്രകാരം വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചത്. പോരാട്ടം വിജയം കണ്ടെന്നും എല്ലാവർക്കും നന്ദിയുണെന്നും അജ്മലിന്‍റെ പിതാവ് റസാഖ് മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാവർക്കും നന്ദി ഉണ്ടെന്ന് റസാഖിന്‍റെ ഭാര്യ മറിയം പറഞ്ഞു. കെഎസ്ഇബി ജീവനക്കാർക്കെതിരായി നൽകിയ പരാതിയുമായി മുന്നോട്ട് പോകുമെന്നും നിയമ പോരാട്ടം തുടരുമെന്നും മറിയം പ്രതികരിച്ചു.
വൈദ്യുതിബിൽ കുടിശ്ശികവരുത്തിയതിനെത്തുടർന്ന് റസാഖിന്റെ വീട്ടിലെ കണക്ഷൻ വിച്ഛേദിച്ചിരുന്നു. ഇതിനു പിന്നാലെ റസാഖിന്റെ മകനും യൂത്ത് കോൺഗ്രസ് നേതാവുമായ അജ്മൽ വൈദ്യുതി ഓഫീസിൽ അതിക്രമിച്ചുകയറി അക്രമംനടത്തി. സാധനസാമഗ്രികളും മീറ്ററുകളും ഫയലുകളുമുൾപ്പെടെ നശിപ്പിച്ചിരുന്നു. അസി. എൻജിനിയർ പി. എസ്. പ്രശാന്തിനുനേരേ മാലിന്യ അഭിഷേകവുമുണ്ടായി. പ്രഷർ കുക്കറിൽ കൊണ്ടുവന്ന അടുക്കള അവശിഷ്ടങ്ങൾ തലകീഴെ ദേഹത്ത് ഒഴിക്കുകയായിരുന്നു. തിരുവമ്പാടി കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിൽ ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ജീവനക്കാർക്കുനേരേ വധഭീഷണിയുയർത്തി രക്ഷപ്പെടാൻശ്രമിച്ച അജ്മലിനെയും സഹോദരൻ ഷഹദാദിനെയും (24) ജീവനക്കാർ പിടിച്ചുവെച്ച് പോലീസിലേൽപ്പിച്ചു.
അതേസമയം, കെഎസ്ഇബി തിരുവമ്പാടി ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിക്കാനൊരുങ്ങി കെഎസ്ഇബിയിലെ യൂണിയനുകൾ. നാളെ തിരുവമ്പാടിയിൽ പ്രകടനവും വിശദീകരണയോഗവും സംഘടിപ്പിക്കും. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
ഇതിനിടെ അജ്മലിന്റെ മാതാവിന്റെ പരാതിയിൽ കെഎസ്ഇബി ജീവനകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ലൈൻമാൻ പ്രശാന്ത്, അനന്ദു എന്നിവർക്കെതിരെ തിരുവമ്പാടി പൊലീസാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 126 ( 2 ), 115 ( 2 ), 74 , 296 ( b ) , 3 (5) വകുപ്പുകൾ അന്യയമായി തടഞ്ഞുവെക്കൽ, മനഃപൂർവം പരിക്കേൽപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ,അസഭ്യം പറയൽ,സംഘം ചേരൽ എന്നീ വകുപ്പുകളാണ് ചുമത്തിയത്.