ശ്രീനഗർ: ജമ്മു-കശ്മീരിലെ കുൽഗാം ജില്ലയിൽ രണ്ടിടത്തുണ്ടായ ഏറ്റുമുട്ടലിൽ ആറ് തീവ്രവാദികളെ സൈന്യം വധിച്ചു. രണ്ട് സൈനികർ വീരമൃത്യു വരിച്ചു. പാരാ കമാൻഡോ ഹരിയാന സ്വദേശി ലാൻസ് നായിക് പ്രദീപ് നൈൻ, മഹാരാഷ്ട്ര സ്വദേശി പ്രവീൺ ജഞ്ജാൽ എന്നിവരാണ് മരിച്ചത്.
മുദർഗം, ഫ്രിസൽ ചിന്നിഗം ഗ്രാമങ്ങളിൽ ശനിയാഴ്ച തുടങ്ങിയ ഏറ്റുമുട്ടൽ തുടരുകയാണ്. മുദർഗമിൽനിന്ന് രണ്ട് തീവ്രവാദികളുടെയും ചിന്നിഗമിൽനിന്ന് നാലുപേരുടെയും മൃതേദഹം കണ്ടെടുത്തതായി സൈന്യം അറിയിച്ചു.
ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരത്തെ തുടർന്ന് സൈന്യവും സി.ആർ.പി.എഫും ജമ്മു കശ്മീർ പൊലീസും സംയുക്ത തിരച്ചിൽ ആരംഭിക്കുകയായിരുന്നു. മുദർഗം ഗ്രാമത്തിലാണ് ആദ്യ വെടിവെപ്പ് നടന്നത്. സുരക്ഷാ സേനക്ക് നേരെ ഭീകരർ വെടിയുതിർക്കുകയും ഏറ്റുമുട്ടൽ നടക്കുകയുമായിരുന്നു.