India

കുൽഗാമില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; ആറ് തീവ്രവാദികളെ വധിച്ചു, രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു-കശ്മീരിലെ കുൽഗാം ജില്ലയിൽ രണ്ടിടത്തുണ്ടായ ഏറ്റുമുട്ടലിൽ ആറ് തീവ്രവാദികളെ സൈന്യം വധിച്ചു. രണ്ട് സൈനികർ വീരമൃത്യു വരിച്ചു. പാരാ കമാൻ​ഡോ ഹരിയാന സ്വദേശി ലാൻസ് നായിക് പ്രദീപ് നൈൻ, മഹാരാഷ്ട്ര സ്വദേശി പ്രവീൺ ജഞ്ജാൽ എന്നിവരാണ് മരിച്ചത്.

മുദർഗം, ഫ്രിസൽ ചിന്നിഗം ഗ്രാമങ്ങളിൽ ശനിയാഴ്ച തുടങ്ങിയ ഏറ്റുമുട്ടൽ തുടരുകയാണ്. മുദർഗമിൽനിന്ന് രണ്ട് തീവ്രവാദികളുടെയും ചിന്നിഗമിൽനിന്ന് നാലുപേരുടെയും മൃത​േ​ദഹം കണ്ടെടുത്തതായി സൈന്യം അറിയിച്ചു.

ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരത്തെ തുടർന്ന് സൈന്യവും സി.ആർ.പി.എഫും ജമ്മു കശ്മീർ പൊലീസും സംയുക്ത തിരച്ചിൽ ആരംഭിക്കുകയായിരുന്നു. മുദർഗം ഗ്രാമത്തിലാണ് ആദ്യ വെടിവെപ്പ് നടന്നത്. സുരക്ഷാ സേനക്ക് നേരെ ഭീകരർ വെടിയുതിർക്കുകയും ഏറ്റുമുട്ടൽ നടക്കുകയുമായിരുന്നു.