ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയും എൽഡിഎഫിന്റെ മുതിർന്ന നേതാവുമായ ബിനോയ് വിശ്വം എന്ത് പ്രസ്താവന നടത്തണമെന്നതിന് എഎ റഹീമിന്റെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് എഐവൈഎഫ്. ബിനോയ് വിശ്വം എസ്എഫ്ഐയുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായപ്രകടനം പൊതുസമൂഹത്തിന്റെ വികാരമാണെന്നും എഐവൈഎഫ് പറഞ്ഞു.
ഇടതുപക്ഷത്തിനെതിരായി ആസൂത്രിതമായ ആക്രമണങ്ങൾ വലതുപക്ഷവും മാധ്യമങ്ങളും നടത്തുന്ന സാഹചര്യത്തിൽ എസ്എഫ്ഐയുടെ പേരിൽ ചില ക്രിമിനലുകൾ നടത്തുന്ന അക്രമപ്രവർത്തനങ്ങൾ വലിയ രീതിയിൽ ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുന്നുണ്ടെന്നും ഇത് തിരുത്തുവാൻ എസ്എഫ്ഐ തയ്യാറാകണമെന്നാണ് ബിനോയ് വിശ്വം ആവശ്യപ്പെട്ടതെന്നും എഐവൈഎഫ് പറഞ്ഞു.
വിമർശനം ഉൾക്കൊണ്ട് കൊണ്ട് എസ്.എഫ്.ഐ രാഷ്ട്രീയത്തിന്റെ പ്രയോഗരീതികളില്‍ പരിഷ്‌ക്കരണത്തിന് ആഹ്വാനം നൽകാതെ ബിനോയ് വിശ്വത്തിന്നെതിരെ ആരോപണം ഉന്നയിക്കുന്ന എ എ റഹീം എം പിയുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് അഭിപ്രായപ്പെട്ടു.
നേരത്തെ, ബിനോയ് വിശ്വത്തിന്റെ എസ്എഫ്ഐ വിമർശനങ്ങളിൽ വസ്തുതകളില്ലെന്നും വിമർശനങ്ങളെപ്പോഴും വസ്തുതാപരവും ക്രിയാത്മകവുമായിരിക്കണമെന്നും എഎ റഹീം എംപി പറഞ്ഞിരുന്നു. ബിനോയ് വിശ്വം മറ്റൊരു പാർട്ടിയുടെ സെക്രട്ടറിയാണ്. ആ തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അങ്ങനെയൊരു സ്ഥാനത്തിരുന്ന് പറയേണ്ടതാണോ അദ്ദേഹം പറഞ്ഞതെന്ന് ആത്മപരിശോധന നടത്തണമെന്നും എഎ റഹിം പറഞ്ഞിരുന്നു.