Kerala

വടക്കൻ കേരളത്തിൽ മഴ ശക്തമാകും; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് | Rains will be heavy in North Kerala; Yellow alert today in 4 districts

കോഴിക്കോട്: ന്യുനമർദ്ദ പാത്തിയും ചക്രവാതചുഴിയും വീണ്ടും രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ മഴ തുടരുമെന്നു കാലാവസ്ഥാ വകുപ്പ്. ഇന്ന് 4 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർകോട് ജികളിലാണു യെലോ അലർട്ട്. മറ്റു ജില്ലകളിൽ മിതമായ മഴ തുടരും.

വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദപാത്തി നിലവിലുള്ളതായും ആന്ധ്രാ തീരത്തിനു സമീപം ബംഗാൾ ഉൾക്കടലിനു മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക,കൊങ്കൺ,ഗോവ, മഹാരാഷ്ട്ര മേഖലകളിൽ ശക്തമായ മഴയുണ്ട്. വരും ദിവസങ്ങളിൽ കേരളത്തിലേക്കും മഴ കനക്കുമെന്നാണു മുന്നറിയിപ്പ്. ഇതിനൊപ്പം ഇന്ന് ഉയർന്ന തിരമാല ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള തീരത്തും, തമിഴ്‌നാട് തീരത്തും 08-07-2024 രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

ജാഗ്രത നിർദേശങ്ങൾ

  1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

­