പാരിസ്: ഫ്രാൻസ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതു സഖ്യമായ ന്യൂ പോപുലർ ഫ്രണ്ടിന് (എൻഎഫ്പി) മുന്നേറ്റം. ഞായറാഴ്ച നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ മുന്നിലെത്തിയ മരീൻ ലെ പെൻ നേതൃത്വം നൽകുന്ന തീവ്ര വലതുപക്ഷ നാഷനൽ റാലി (ആർ.എൻ) സഖ്യത്തിന്റെ ലീഡ് കുറയുന്നുവെന്നാണ് അവസാന അഭിപ്രായ സർവേകൾ പറയുന്നത്. ആർക്കും കേവല ഭൂരിപക്ഷം കിട്ടാൻ സാധ്യതയില്ലാത്തതിനാൽ തൂക്കുമന്ത്രിസഭ വന്നേക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ മിതവാദി സഖ്യം രണ്ടാമതാകുമെന്നാണ് പ്രവചനം.
577 അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിന് 289 സീറ്റുകളാണു വേണ്ടത്. ഫ്രാൻസിലെ രണ്ടാംഘട്ട പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രവചനങ്ങളെ അട്ടിമറിച്ച് ഇടതുസഖ്യം മുന്നേറുമെന്ന് എക്സിറ്റ് പോളിൽ സൂചനകൾ പുറത്തുവന്നതോടെ പ്രധാനമന്ത്രി ഗബ്രിയേൽ അത്താൽ രാജി പ്രഖ്യാപിച്ചു. ഇടതുപക്ഷത്തിനു 199 സീറ്റുകൾ വരെ ലഭിച്ചേക്കാമെന്നും ആർക്കും കേവല ഭൂരിപക്ഷം ഉണ്ടാകില്ലെന്നുമാണ് എക്സിറ്റ് പോൾ.
മക്രോയുടെ പാർട്ടിക്ക് 169 സീറ്റും നാഷനൽ റാലി സഖ്യത്തിന് 143 സീറ്റും ലഭിക്കാം. സഖ്യസമവാക്യങ്ങൾ മാറിമറിയാനുള്ള സാധ്യതയുള്ളതിനാൽ സർക്കാർ രൂപീകരണം പ്രതിസന്ധിയിലാകാം. ഒന്നാംഘട്ട തിരഞ്ഞെടുപ്പിൽ മുന്നിലെത്തിയ മരീൻ ലെ പെന്നിന്റെ നാഷനൽ റാലി സഖ്യത്തെ പ്രതിരോധിക്കാൻ ഇടതു–മിതവാദി സഖ്യങ്ങൾ ചേർന്നുള്ള റിപ്പബ്ലിക്കൻ ഐക്യമുന്നണിക്കു മക്രോ ആഹ്വാനം ചെയ്തിരുന്നു. ഇതനുസരിച്ചു മൂന്നാം സ്ഥാനത്തുള്ള പല സ്ഥാനാർഥികളും പിൻമാറി.