പി.എസ്.സിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം മുന്‍കാലങ്ങളിലും ഉണ്ടായിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പ് നടന്നാല്‍ അതിന്റെ ഭാഗമായുള്ള സ്വാഭാവിക നടപടികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. എന്‍. ഷംസുദ്ദീന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പിഎസ്സി അംഗമാക്കാമെന്ന് വാദ്ഗാനം ചെയ്ത് കോഴിക്കോട്ടെ സി.പി.എം നേതാവ് 22 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണം സംബന്ധിച്ചായിരുന്നു ചോദ്യം.
പിഎസ്സി അംഗങ്ങളെ നിയമിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമാണെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. നിയമനത്തില്‍ ഒരു വിധത്തിലുള്ള വഴിവിട്ട കാര്യങ്ങളും നടക്കാറില്ല. നാട്ടില്‍ പലവിധത്തിലുള്ള തട്ടിപ്പ് നടക്കുന്നുണ്ട്. തട്ടിപ്പിനായി ആളുകള്‍ ശ്രമിക്കും. തട്ടിപ്പ് നടക്കുമ്പോള്‍ അതിന്റെ ഭാഗമായുള്ള നടപടികള്‍ സ്വാഭാവികമായി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം കോഴ വാങ്ങിയ സംഭവത്തില്‍ ഏരിയാ കമ്മറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ സിപിഎം നടപടിയെടുത്തിരുന്നു. പ്രമോദിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ന്ന് നീക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു. ി പി.എ.മുഹമ്മദ് റിയാസിനെ ഇടപെടുത്തി പിഎസ്സി അംഗത്വം വാങ്ങി നല്‍കാമെന്നായിരുന്നു യുവ നേതാവിന്റെ വാഗ്ദാനം. സി.ഐ.ടി.യു. ഭാരവാഹിയായ യുവനേതാവ് പി.എസ്.സി. അംഗത്വം നല്‍കാനായി 60 ലക്ഷംരൂപ ആവശ്യപ്പെട്ടെന്നും 22 ലക്ഷം കൈപ്പറ്റിയെന്നുമാണ് ഹോമിയോ ഡോക്ടര്‍മാരായ ദമ്പതിമാര്‍ പരാതി നല്‍കിയത്.
മന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം തരാമെന്ന് വിശ്വസിപ്പിച്ചാണ് പണമിടപാട് നടത്തിയതെന്നും പരാതിയില്‍ പറയുന്നു. മന്ത്രി മുഹമ്മദ് റിയാസിനു പുറമേ എം.എല്‍.എമാരായ കെ.എം. സച്ചിന്‍ദേവ്, തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവരുടെ പേരുകളും പ്രാദേശിക നേതാവ് ഉപയോഗപ്പെടുത്തിയതായി ദമ്പതികളുടെ പരാതിയിലുണ്ട്. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അയല്‍വാസികൂടിയാണ് ആരോപണവിധേയനായ പ്രമോദ് കോട്ടൂളി. ലോക്സഭാ തിരഞ്ഞെടുപ്പിനുമുന്‍പ് ഉയര്‍ന്ന പരാതി ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിനിടെയാണ് വിവരങ്ങള്‍ പുറത്തായത്. യുവനേതാവ് ഒറ്റയ്ക്കാവില്ല ഇടപാട് നടത്തിയതെന്ന സംശയവും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്. കോഴിക്കോട് ജില്ലാകമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് ഇത്തരത്തില്‍ ഒരു കോക്കസ് പ്രവര്‍ത്തിക്കുന്നതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായാണ് വിവരം. ഇതാണ് എന്‍. ഷംസുദ്ദീന്‍ നിമസഭയില്‍ ചോദ്യമായി ഉന്നയിച്ചതും മുഖ്യമന്ത്രി മറുപടി നല്‍കിയതും.
CONTENT HIGH LIGHT;PSC Scam: Chief Minister says steps will be taken naturally