രാജ്യത്തെ വിറപ്പിച്ച കലാപം ഇനിയും പൂര്‍ണ്ണമായി കെട്ടടങ്ങാത്ത മണിപ്പൂരിലേക്കു പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പര്യടനം നടത്താന്‍ പോവുകയാണ്. മണിപ്പൂരിലെ നിലവിലുള്ള സാഹചര്യങ്ങള്‍ അദ്ദേഹം നേരിട്ടുകണ്ട് വിലയിരുത്തും. മണിപ്പൂരിലെ കോണ്‍ഗ്രസ് നേതാക്കളുമായും രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തും. വെള്ളപ്പൊക്കത്തില്‍ നാശനഷ്ടം സംഭവിച്ച അസമിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ സന്ദര്‍ശനത്തിനു ശേഷമാണ് രാഹുല്‍ഗാന്ധി മണിപ്പൂരിലെ ഇംഫാലിലേക്കു പോകുന്നത്. അസമിലെ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം സമയം ചെലവഴിച്ച രാഹുല്‍, അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളുമായി ചര്‍ച്ച നടത്തി.
പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റ ശേഷമുള്ള രാഹുലിന്റെ ആദ്യ വടക്കുകിഴക്കന്‍ സന്ദര്‍ശനമാണിത്. കലാപം ആരംഭിച്ചശേഷം മൂന്നാം തവണയാണ് രാഹുല്‍ മണിപ്പുരിലെത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിനു മണിക്കൂറുകള്‍ക്കു മുന്‍പ് മണിപ്പുരില്‍ വീണ്ടും വെടിവയ്പ് നടന്നു. രാഹുല്‍ സന്ദര്‍ശിക്കാനിരിക്കുന്ന ജിരിബാം ഗ്രാമത്തിലെ പൊലീസ് ഔട്ട് പോസ്റ്റിനു നേരെയാണു പുലര്‍ച്ചെ മൂന്നരയോടെ വെടിവയ്പുണ്ടായത്. ഇതോടെ മണിപ്പുരില്‍ സുരക്ഷ കര്‍ശനമാക്കി. ഡ്രോണുകളുള്‍പ്പെടെ നിരോധിച്ചു. അസമിലെ വെള്ളപ്പൊക്കത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടു ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്കൊപ്പമാണ് രാഹുല്‍ യാത്രയുടെ ആദ്യ പകുതി ചെലവിട്ടത്.
അസമിലെ സ്ഥിതിഗതികള്‍ വിലയിരുത്തി വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രധാനമന്ത്രി തയാറാവണമെന്നു രാഹുല്‍ പറഞ്ഞു. 78 പേരാണ് അസമിലെ ദുരിതത്തില്‍ മരിച്ചത്. 28 ജില്ലകളിലായി 22.70 ലക്ഷം പേരെ പ്രളയം ബാധിച്ചു. മണിപ്പുര്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിക്കു കഴിഞ്ഞില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് കുറ്റപ്പെടുത്തി. ”ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അസമിലേക്കും മണിപ്പുരിലേക്കും പോകുമ്പോള്‍ ഇന്ത്യയുടെ ‘നോണ്‍-ബയോളജിക്കല്‍’ പ്രധാനമന്ത്രി മോസ്‌കോയിലേക്കു പോകുന്നു. റഷ്യ-യുക്രെയ്ന്‍ യുദ്ധം നിര്‍ത്തിവച്ചതായി അവകാശപ്പെട്ടിരുന്ന നോണ്‍-ബയോളജിക്കല്‍ പ്രധാനമന്ത്രിയുടെ വക്താക്കള്‍ ഈ മോസ്‌കോ യാത്രയില്‍ കൂടുതല്‍ വിചിത്രമായ അവകാശവാദങ്ങളുന്നയിക്കാനും സാധ്യതയുണ്ട്”-അദ്ദേഹം എക്‌സില്‍ കുറിച്ചു
CONTENT HIGHLIGHTS;Rahul’s visit to Manipur: Narendra Modi to Russia