സംസ്ഥാന പൊലീസ് സേനയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ”2016 മുതല്‍ 2024 മേയ് 31 വരെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ 108 പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. അഴിമതി, നിയമവിരുദ്ധ പ്രവര്‍ത്തനം, മാഫിയ ബന്ധം എന്നിങ്ങനെ ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരുന്നുണ്ട്. ക്രിമിനല്‍ ബന്ധങ്ങള്‍ ഉണ്ടെന്നു കണ്ടെത്തിയാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പ് എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ട്രാഫിക് സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യുന്നത് ട്രാഫിക് സ്റ്റേഷനുകളില്‍ നിന്നും 14.07.2018 ലെ ഉത്തരവ് പ്രകാരം അതത് ലോക്കല്‍ പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ തരത്തിലാണ് കേന്ദ്രീകൃത സംവിധാനത്തെ ഇപ്രകാരം പ്രാദേശിക തലത്തിലേക്ക് മാറ്റിയത്. പഴയ ട്രാഫിക് പോലീസ് സ്റ്റേഷനുകള്‍ നിലവില്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റുകളായി പ്രവര്‍ത്തിച്ചുവരുന്നു.
നൂതന സാങ്കേതികവിദ്യ കൂടി സംയോജിപ്പിച്ച് ഗതാഗത നിയന്ത്രണത്തിനും റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആവശ്യമായ സമയങ്ങളില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് ഗതാഗത ക്രമീകരണം നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ ട്രാഫിക് യൂണിറ്റുകള്‍ സ്ഥാപിക്കുന്ന വിഷയം നിലവില്‍ പരിഗണനയില്‍ ഇല്ലെന്നും റോജി എം. ജോണ്‍ എം.എല്‍.എയുടെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
CONTENT HIGHLIGHTS;Criminals in the Police Force; The Chief Minister said that 108 people have been fired