Kerala

കുതിക്കാൻ വിഴിഞ്ഞം തുറമുഖം; ആദ്യ ചരക്ക് കപ്പല്‍ സാന്‍ ഫെര്‍ണാണ്ടോയില്‍ നിന്ന് 11 ന് ചരക്കുകള്‍ ഇറക്കി തുടങ്ങും, 12 ന് നടക്കുന്ന സ്വീകരണ ചടങ്ങ് ഗംഭീരമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍-San Fernando, the first cargo ship to arrive at Vizhinjam International Port

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ ആ സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ ഇനി മൂന്ന് നാള്‍ മാത്രം. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് എത്തുന്ന ആദ്യ ചരക്ക് കപ്പലായ സാന്‍ ഫെര്‍ണാണ്ടോയുടെ വരവോടെ പതിറ്റാണ്ടുകളായി കാത്തിരുന്ന സ്വപ്നത്തിന് സാക്ഷാത്ക്കാരമാവുകയാണ്. മലാക്ക കടലിടുക്കിലൂടെ സഞ്ചരിച്ച് ബംഗാള്‍ ഉള്‍ക്കടിലേക്ക് ഫെര്‍ണാണ്ടോ കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് നിലവിലെ വിവരം. 15.02 നോട്ടിക്കല്‍ സ്പീഡില്‍ ചൈനയിലെ പോര്‍ട്ട് ഓഫ് ഷാമെനില്‍ നിന്നുമാണ് ചരക്കുമായി ഫെര്‍ണാണ്ടോയുടെ വരവ്. പത്താം തീയിതി രാത്രി 12.30 ന് വിഴിഞ്ഞത്തെ പുറം കടലില്‍ എത്തി ഫെര്‍ണാണ്ടോ നങ്കൂരമിടും. 2015ല്‍ നിര്‍മ്മിച്ച സാന്‍ ഫെര്‍ണാണ്ടോ (IMO 9698642, MMSI 538005734) ഒരു കണ്ടെയ്നര്‍ കപ്പലാണ്, നിലവില്‍ മാര്‍ഷല്‍ ദ്വീപുകളുടെ പതാകയ്ക്ക് കീഴിലാണ് യാത്ര ചെയ്യുന്നത്.

പത്താം തീയതി രാത്രിയോടെ പുറം കടലില്‍ നങ്കൂരമിടുന്ന കപ്പല്‍ പിറ്റേന്ന് രാവിലെയോടെ തുറമുഖ വാര്‍ഫില്‍ അടുപ്പിക്കും. അതിനു മുന്നോടിയായി അദാനി പോര്‍ട്ടിന്റെ വലിയ ടഗായ ഓഷ്യന്‍ പ്രസ്റ്റീജിന്റെ നേതൃത്വത്തില്‍ കപ്പലിന് വാട്ടര്‍ സല്യൂട്ട് നല്‍കിയശേഷം ബര്‍ത്തിലേക്ക് അടുപ്പിക്കുന്നത്. ഡോള്‍ഫിന്‍ സീരിസിലെ ടഗുകളായ 27, 28, 35 എന്നിവയും വാട്ടര്‍ സല്യൂട്ടിന് പ്രസ്റ്റീജിന് കൂട്ടായി ഉണ്ടാകും. കപ്പലില്‍ നിന്നും അന്നു തന്നെ ചരക്കുക്കള്‍ ഇറക്കുമെന്നാണ് തുറമുഖ അധികൃതര്‍ നല്‍കുന്ന വിവരം. സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന സ്വീകരണം 12-ാം തീയതിയാണ്. മുഖ്യമന്ത്രി പിണറായി വജയന്‍, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍ മറ്റു ജനപ്രതിനിധികള്‍ വിസില്‍ അധികൃതര്‍, അദാനി പോര്‍ട്ടിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കും. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ക്രൈയിനുമായി എത്തിയ ഷെന്‍ഹു 15 കപ്പലിന് നല്‍കിയ സ്വീകരണത്തെക്കാള്‍ മികച്ച പരിപാടികളാണ് സംസ്ഥാന സര്‍ക്കാര്‍ വാണിജ്യ കപ്പലിന്റെ ആദ്യ വരവിനോടനുബന്ധിച്ച് ആസൂത്രണം ചെയ്തിരിക്കുന്നത്. ആദ്യവാണിജ്യ കപ്പല്‍ എത്തുന്നതോടെ തുറമുഖത്തിന്റെ കയറ്റിറക്ക് പ്രവര്‍ത്തനങ്ങളുടെ ട്രെയില്‍ റണ്ണിന് തുടക്കമാകും.

ലോകത്തിലെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ(maersk) ഉടമസ്ഥതയിലുള്ളതാണ് സാന്‍ ഫെര്‍ണാണ്ടോ. 110-ലധികം രാജ്യങ്ങളില്‍ കാര്‍ഗോ സര്‍വീസ് നടത്തുന്ന ഡാനിഷ് കമ്പനിയായ മെസ്‌കിന്റെ കപ്പലിനുശേഷം എം.എസ്.സിയുടെ കപ്പലാണ് ട്രെയില്‍ റണ്ണിനായി വിഴിഞ്ഞത്ത് എത്തുന്നത്. ലോകത്തെ ഏറ്റവും വലിയ കപ്പല്‍ കമ്പനിയാണ് എം.എസ്.സി. ഇതു സബന്ധിച്ച ഔദ്യോഗിക വിവരം ഉടന്‍ പുറത്ത് വരും. സാന്‍ ഫെര്‍ണാണ്ടോയില്‍ നിന്നും ചരക്കുകള്‍ ഇറക്കിയാല്‍ അടുത്ത ദിവസം തന്നെ അതെല്ലാം കൊണ്ടു പോകാന്‍ ബള്‍ക്ക് കാരിയര്‍ ഷിപ്പുകള്‍ വിഴിഞ്ഞത്തേക്ക് എത്തും. സീസ്പാന്‍ സാന്‍ റോസ്, മാറിന്‍ അജൂര്‍ എന്നീ ചെറു കപ്പലുകളാണ് എത്തുന്നതെന്ന് തുറമുഖ കമ്പിനി അറിയിച്ചു. സാന്‍ ഫെര്‍ണാണ്ടോയില്‍ നിന്നും ചരക്കുകള്‍ ഇറക്കിയാല്‍ അന്നു തന്നെ കൊളമ്പോയിലേക്ക് കപ്പില്‍ പുറപ്പെടും.

ഒരു കപ്പലില്‍നിന്ന് മറ്റൊരു കപ്പലിലേക്ക് ചരക്ക് മാറ്റാന്‍ അനുമതിയുള്ള ഇന്ത്യയിലെ ഏക ട്രാന്‍സ്ഷിപ്പ്‌മെന്റ് പോര്‍ട്ടാണ് വിഴിഞ്ഞം തുറമുഖം. നിലവില്‍ ദുബായ്, സിംഗപ്പൂര്‍, കൊളംബോ, സലാല എന്നീ തുറമുഖങ്ങളെ ആശ്രയിക്കുന്ന ഇന്ത്യയിലെ കണ്ടൈനര്‍ വ്യവസാമെല്ലാം ഇനി വിഴിഞ്ഞം വഴിയായിരിക്കും ഓപ്പറേറ്റ് ചെയ്യുക. 10 നോട്ടിക്കല്‍ മൈല്‍ അകലെ അന്താരാഷ്ട്ര കപ്പല്‍ പാതയുടെ സാമിപ്യം, തീരത്തുനിന്ന് ഒരു നോട്ടിക്കല്‍ മൈല്‍ വരെ 24 മീറ്റര്‍ സ്വാഭാവിക ആഴം എന്നിവ വിഴിഞ്ഞത്തിന്റെ സവിശേഷതകളാണ്. തുറമുഖ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ 10,000 കോടി രൂപയുടെ നിക്ഷേപം കേരള തീരത്തുണ്ടാകുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ എത്തുന്നത് അഭിമാനകരമായ മുഹൂര്‍ത്തമാണെന്ന് തുറമുഖ മന്ത്രി വി.എന്‍.വാസവന്‍. ആദ്യ കപ്പല്‍ എത്തുന്നതുമായി ബന്ധപ്പെട്ട് വിഴിഞ്ഞത്തു ചേര്‍ന്ന യോഗത്തിനു ശേഷം പത്രപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തുറമുഖത്തിന്റെ കമ്മിഷനിങ് ഓണത്തിനു നടത്താനായേക്കുമെന്ന് മന്ത്രി പറഞ്ഞു. രണ്ടു വര്‍ഷത്തിനുള്ളില്‍ റെയില്‍ കണക്ടിവിറ്റി യാഥാര്‍ഥ്യമാക്കും. കേന്ദ്രത്തില്‍നിന്നുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് ലഭിക്കാനായി ത്രികക്ഷി കരാര്‍ ഉടന്‍ ഒപ്പിടും. സെപ്റ്റംബര്‍ വരെ ട്രയല്‍ റണ്‍ തുടരുമെന്നും മന്ത്രി അറിയിച്ചു.

ഒരു ക്രൂയിസ് ടെര്‍മിനല്‍, ലിക്വിഡ് ബള്‍ക്ക് ബെര്‍ത്ത്, അധിക ടെര്‍മിനലുകള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയുമായി പ്രാഥമികമായി ട്രാന്‍സ്ഷിപ്പ്‌മെന്റ്, ഗേറ്റ്വേ കണ്ടെയ്നര്‍ ബിസിനസ്സ് എന്നിവയ്ക്കായി വിഴിഞ്ഞം തുറമുഖം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പിനിയായ വിസില്‍ അധികൃതര്‍ പറഞ്ഞു. യൂറോപ്പ്, പേര്‍ഷ്യന്‍ ഗള്‍ഫ്, ഫാര്‍ ഈസ്റ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന തിരക്കേറിയ അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടില്‍ നിന്ന് 10 നോട്ടിക്കല്‍ മൈല്‍ അകലെ തന്ത്രപരമായി സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം തുറന്നു തരുന്നത് വികസനത്തിന്റെ അനന്ത സാധ്യതകളാണ്. നമ്മുടെ രാജ്യത്തെ ഏക മദര്‍ പോര്‍ട്ട് അതും കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിന് സമീപമുള്ള വിഴിഞ്ഞത്ത് വരുന്നതില്‍ ഒരോ മലയാളിക്കും ഇനി അഭിമാനിക്കാം.