ആര്‍.സി.സിയിലെ രോഗികളുടെ ചികിത്സാ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ക്രിട്ടിക്കല്‍ സിസ്റ്റത്തില്‍ ബാധിക്കുന്നതിനു മുന്‍പുതന്നെ സൈബര്‍ ആക്രമണം കണ്ടെത്തുകയും ബാധിക്കപ്പെട്ട സോഫ്റ്റുവെയറുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയും ചെയ്തു. റീജ്യണല്‍ ക്യാന്‍സര്‍ സെന്ററില്‍ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിലെ സോഫ്റ്റ്വെയറുകള്‍ക്കു നേരെ കഴിഞ്ഞ ഏപ്രിലിലാണ് സൈബര്‍ ആക്രമണം ഉണ്ടായത്.
സൈബര്‍ ആക്രമണം കണ്ടെത്തിയതിന്റെ ആദ്യ ദിനം മുതല്‍ തന്നെ അതു മറ്റു കമ്പ്യൂട്ടറുകളിലേക്കു വ്യാപിക്കാതിരിക്കാനുള്ള നടപടികള്‍ ആര്‍സിസി സ്വീകരിച്ചിരുന്നു.
അടിയന്തരമായി സര്‍ക്കാരിനെയും സൈബര്‍ സെക്യൂരിറ്റി വിഭാഗത്തെയും സെര്‍ട്ടിനെയും അറിയിക്കുകയും ചെയ്തു. വിഷയത്തില്‍ സൈബര്‍ പൊലീസ് കേസെടുത്തിട്ടുമുണ്ട്. സൈബര്‍ വിഭാഗവും സെര്‍ട്ടും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ എട്ട് ഡെസ്‌ക്ടോപ് കമ്പ്യൂട്ടറുകളിലും 4 സെര്‍വറുകളിലുമാണ് വൈറസ് ബാധിച്ചതെന്നു കണ്ടെത്തിയിരുന്നു. ഇതിന്റെ തുടരമ്പേഷണം നടന്നു വരികയാണ്. തുടര്‍ന്ന് ഇന്‍ഫെക്ടഡ് ആയിട്ടുള്ള കമ്പ്യൂട്ടറുകളിലുള്ള വിവരങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനു വേണ്ടി 5 ദിവസം സ്ഥാപനത്തിലെ രോഗികളുടെ ചികിത്സ നിര്‍ത്തി വയ്ക്കുകയും ആറാം ദിനം പുനരാരംഭിക്കുകയും ചെയ്തു.
സൈബര്‍ ആക്രമണം നേരിട്ട മറ്റു കമ്പ്യൂട്ടറുകള്‍ തുടര്‍ പരിശോധനകള്‍ക്കായി ഏറ്റെടുത്തിട്ടുണ്ട്. സൈബര്‍ വിഭാഗത്തിന്റെയും സെര്‍ട്ടിന്റെയും നിര്‍ദ്ദേശപ്രകാരം രോഗികളുടെ ചികിത്സാ രേഖകള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിനും ഭാവിയില്‍ ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ വരാതിരിക്കുന്നതിനും ഉള്ള നടപടികള്‍ ആര്‍സിസി സ്വീകരിച്ചു വരികയാണ്. ബാക്കപ്പ് ഉള്ളതിനാല്‍ രോഗികളുടെ റേഡിയേഷന്‍ ചികിത്സാ വിവരങ്ങള്‍ സുരക്ഷിതവുമാണെന്നും മന്ത്രി പറഞ്ഞു.
CONTENT HIGHLIGHTS;Cyber attack on RCC software: Regis’ medical data safe