യുഎഇയിലെ മുതിർന്ന ഇന്ത്യൻ പ്രവാസി വ്യവസായി റാം ബുക്സാനി (83) ദുബായിൽ അന്തരിച്ചു. ഐടിഎൽ കോസ്മോസ് ഗ്രൂപ്പിന്റെ ചെയർമാനാണ് റാം ബുക്സാനി. 1959 ലാണ് റാം ബുക്സാനി ദുബായിലേക്കെത്തിയത്. യുഎഇയിലെ അറിയപ്പെടുന്ന ബിസിനസ് വ്യക്തിത്വവും മനുഷ്യസ്‌നേഹിയുമായിരുന്നു അദ്ദേഹം. ഞായറാഴ്ച പുലർച്ചെ ഒന്നോടെ സ്വവസതിയിൽവെച്ചായിരുന്നു അന്ത്യം.
ഇൻഡസ് ബാങ്ക് ഡയറക്ടർ, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ, ഓവർസീസ് ഇന്ത്യൻസ് ഇക്കണോമിക് ഫോറം സ്ഥാപക ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. 1953-ൽ ഇന്റർനാഷനൽ ട്രേഡേഴ്‌സ് (ഈസ്റ്റ് ആഫ്രിക്ക) സ്ഥാപിച്ച് പിന്നീട് ഇന്റർനാഷനൽ ട്രേഡേഴ്‌സ് (എംഇ) ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്തു.
ഇറാഖിന്റെ കുവൈറ്റ് അധിനിവേശ കാലത്ത് പ്രവാസികൾക്ക് അഭയകേന്ദ്രം ഒരുക്കാനും അവരെ നാട്ടിലെത്തിക്കാനും മുൻനിരയിൽ പ്രവർത്തിച്ചു. ദുബായിലെ ഇന്ത്യൻ വ്യവസായികളുടെ കാരണവരായി കണക്കാക്കുന്ന റാം ബുക്സാനി എഴുത്തുകാരനും നാടക നടനുമാണ്. 28നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ‘ടേക്കിങ് ദി ഹൈറോഡ്’ ആണ് അദ്ദേഹത്തിൻ്റെ ആത്മകഥ.